ശാസ്താംകോട്ട: ജനവാസ മേഖലയിൽ മദ്യഷാപ്പ് തുറക്കുന്നതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു. മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ കിഴക്ക് 9-ാം വാർഡിൽ മാമ്പുഴ മുക്കിന് സമീപമാണ് അടഞ്ഞു കിടക്കുന്ന മദ്യഷാപ്പ് തുറക്കാനുള്ള ശ്രമം നടക്കുന്നത്. 13 വർഷമായി അടഞ്ഞു കിടക്കുന്ന ഷാപ്പാണ് വീണ്ടും തുറക്കാൻ ശ്രമിക്കുന്നത്. മുമ്പ് ഷാപ്പ് പ്രവർത്തിച്ചിരുന്ന സമയത്ത് പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. പലപ്പോഴും ഷാപ്പിലെ തർക്കങ്ങൾ സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഷാപ്പ് അടഞ്ഞു കിടന്ന കാലയളവിൽ പ്രദേശത്ത് നിരവധി വീടുകളാണ് പുതുതായി സ്ഥാപിച്ചത്. ജനവാസ മേഖലയിൽ ഷാപ്പിന് പ്രവർത്തനാനുമതി നൽകുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കും പരാതി നൽകിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഷാപ്പിന് മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.സേതുലക്ഷ്മി, അനിത അനീഷ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു .