കൊല്ലം: വീട്ടിൽ അതികക്രമിച്ചുകയറി അയൽവാസിയായ വീട്ടമ്മയെ ആക്രമിച്ച യുവാവിനെ കിളികൊല്ലൂർ പൊലീസ് പിടികൂടി. തൃക്കോവിൽവട്ടം തട്ടാർക്കോണം ഭൂതത്താൻ കാവിന് സമീപം പ്രശാന്തിയിൽ ശ്രീകാന്താണ് (33) പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂൺ 21ന് വൈകിട്ട് അയൽവാസിയായ വീട്ടമ്മയെ പ്രതി അസഭ്യം പറയുകയും വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായാണ് കേസ്. ഒളിവിലായിരുന്ന പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘത്തെ പ്രതിയുടെ സഹോദരിമാരും അമ്മയും ചേർന്ന് തടഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ച ഇവർക്കെതിരെയും കേസെടുത്തു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.
കിളികൊല്ലൂർ ഐ.എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ ജാനസ് പി. ബേബി, താഹക്കോയ പ്രദീപ്, എസ്.സി.പി.ഒ ഷിഹാബ്, സി.പി.ഒമാരായ സാജൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.