photo

കൊല്ലം: ആറ് വയസേയുള്ളൂ കൊട്ടാരക്കര നെടുവത്തൂർ ചാന്തൂർ ശ്രീലകത്തിൽ അനുകുമാർ - ഐശ്വര്യ ദമ്പതികളുടെ മകളായ ദ്രുപത എ.പിള്ളയ്‌ക്ക്. എന്നാൽ,​ ഇന്ത്യൻ പ്രസിഡന്റുമാർ,​ രാജ്യതലസ്ഥാനങ്ങൾ,​ സംസ്ഥാനങ്ങൾ, കേരളത്തിലെ മുഖ്യമന്ത്രിമാർ,​ ജില്ലകൾ തുടങ്ങി അധികാര സ്ഥാനങ്ങളുടെയെല്ലാം പേരുകൾ ദ്രുപതയ്‌ക്ക് ഹൃദിസ്ഥമാണ്. ഇതാകട്ടെ ദ്രുപതയെ കൊണ്ടെത്തിച്ചത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും. ഓർമ്മശക്തിക്കുള്ള റെക്കാഡാണ് ദ്രുപതയെ തേടിയെത്തിയത്.

ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയായ ദ്രുപത,​ ലോക്ക് ഡൗൺ കാലത്ത് അമ്മ ഐശ്വര്യ വീട്ടിലിരുന്ന് പി.എസ്.സി പരീക്ഷയ്‌ക്ക് പഠിക്കുന്നത് ശ്രദ്ധിക്കുമായിരുന്നു. ഐശ്വര്യ ഉറക്കെ പറഞ്ഞുപഠിക്കുന്നത് കേട്ട് അമ്മയെക്കാൾ വേഗത്തിൽ ദ്രുപത അത് മനഃപ്പാഠമാക്കി. ചോദ്യത്തിനുള്ള ഉത്തരങ്ങൾക്ക് അൽപം പോലും ആലോചിക്കേണ്ടെന്ന സ്ഥിതിയായി. ഇതോടെയാണ് രക്ഷിതാക്കൾ ദ്രുപതയുടെ പ്രത്യേക കഴിവ് ശ്രദ്ധിച്ചത്. തുടർന്ന് അവർ നടപടി ക്രമങ്ങളെല്ലാം പാലിച്ച് ഇന്ത്യാ ബുക് ഒഫ് റെക്കാഡ്സ് അധികൃതർക്ക് വിവരം കൈമാറി. റെക്കാഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഓർമ്മശക്തി പരിശോധനകളുടെ വീഡിയോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം അധികൃതർക്ക് അയച്ചു കൊടുത്തു. അവർ എല്ലാം പരിശോധിച്ച ശേഷമാണ് റെക്കാ‌ഡ് നൽകിയത്. സ്‌കൂളിലെ ഓൺലൈൻ പഠനത്തോടൊപ്പം അമ്മയോടൊപ്പം പൊതുവിജ്ഞാനവും പഠിക്കുകയാണ് ദ്രുപത ഇപ്പോൾ. അച്ഛൻ അനുകുമാർ ബി.ആർ.എം സെൻട്രൽ സ്‌കൂളിലെ ഫിനാൻസ് മാനേജരാണ് .