market
വള്ളിക്കാവ് മാർക്കറ്റ് കെട്ടിഅടച്ച നിലയിൽ

ഓച്ചിറ: കായലോര ഗ്രാമമായ വള്ളിക്കാവിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ആശ്രയമായിരുന്ന വള്ളിക്കാവ് മാർക്കറ്റ് അടച്ചുപൂട്ടിയിട്ട് ഇന്നേക്ക് നൂറ് ദിവസം. കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടിയ മാർക്കറ്റ് ശാപമോക്ഷത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ന്.

കുലശേഖരപുരം പഞ്ചായത്തിന്റെ അധീനതയിലാണെങ്കിലും അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ക്ലാപ്പന, ആലപ്പാട് പഞ്ചായത്ത് നിവാസികളും വള്ളിക്കാവ് മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തിയിരുന്നത്. മാർക്കറ്റ് അടഞ്ഞുകിടക്കുന്നതിനാൽ പഞ്ചായത്തിനും വലിയതോതിലുള്ള വരുമാനനഷ്ടമുണ്ട്.

മത്സ്യം, പച്ചക്കറി, പഴം, മരച്ചീനി, ഇറച്ചി മുതലായവ വിപണനം ചെയ്യുന്നവരും ലോഡിംഗ് തൊഴിലാളികളും അടക്കം നിരവധിപേരാണ് ഈ മാർക്കറ്റിനെ ആശ്രയിച്ച് കുടുംബം പുലർത്തിയിരുന്നത്. മാർക്കറ്റ് അടച്ചുപൂട്ടിയതോടെ ഇവരിൽ പലരുടെയും കുടുംബങ്ങൾ പട്ടിണിയിലാണ്. കച്ചവടം കുറവാണെങ്കിലും അന്നം മുടങ്ങാതിരിക്കാൻ മാർക്കറ്റിലെ വ്യാപാരികളിൽ ചിലർ പൊതുനിരത്തിനോട് ചേർന്നാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്. ഇത് പ്രദേശത്ത് അടിക്കടി വാഹനക്കുരുക്ക് ഉണ്ടാകാൻ ഇടയാക്കുന്നുണ്ട്.

വ്യാപാരികൾ ഭീതിയിൽ

വള്ളിക്കാവ് മാർക്കറ്റിന് സമാന്തരമായി നിരവധി വഴിയോര കച്ചവട സ്ഥാപനങ്ങൾ സമീപപ്രദേശങ്ങളിൽ ഉയർന്നുവരുന്നുണ്ട്. ഇതുമൂലം തങ്ങളുടെ സ്ഥിരം ഉപഭോക്താക്കൾ നഷ്ടമാകുമെന്ന ഭയത്തിലാണ് മാർക്കറ്റിലെ വ്യാപാരികൾ. അടച്ചിടൽ ഇനിയും നീണ്ടാൽ ഉപജീവനമാർഗം എന്നെന്നേക്കുമായി നിലയ്ക്കുമെന്ന ആശങ്കയുമുണ്ട് അവർക്ക്.

 സാധാരണക്കാരന്റെ ദെെനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്ന ഒന്നാണ് വളളിക്കാവ് പബ്ളിക് മാർക്കറ്റ്. എത്രയും വേഗം മാർക്കറ്റ് തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണം. സമീപ്രദേശങ്ങളിൽ അനധികൃമായി പ്രവർത്തിക്കുന്ന സ്വകാര്യ മാർക്കറ്റുകളും വഴിയോര കച്ചവടവും നിരോധിക്കാനുള്ള നടപടികളുമുണ്ടാകണം.

ശ്രീരാജ് വള്ളിക്കാവ്, സാമൂഹ്യ പ്രവർത്തകൻ

 തലമുറകൾ പഴക്കമുള്ള വള്ളിക്കാവ് മാർക്കറ്റിന്റെ പ്രതാപം വീണ്ടെടുത്ത് വ്യാപാരി സമൂഹത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കണം. നിരവധി കുടുംബങ്ങളാണ് ഇവിടെ കച്ചവടം നടത്തി കുടുംബം പുലർത്തിയിരുന്നത്. ഇത്തരത്തിൽ തുടർന്നാൽ വള്ളിക്കാവ് മാർക്കറ്റ് അന്യംനിന്ന് പോയേക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർക്കറ്റ് തുറക്കണം.

വള്ളിക്കാവ് ശ്രീകുമാർ, വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളിക്കാവ് യൂണിറ്റ്