house-boat

കൊല്ലം: കൊവിഡിനെ തുടർന്ന് രണ്ടാം വർഷവും സീസൺ മുടങ്ങിയതോടെ തീരത്ത് നങ്കൂരമിട്ട ഹൗസ് ബോട്ടുകൾ മുങ്ങിത്തുടങ്ങി. ഇതോടെ പട്ടിണിയിലായ ഹൗസ് ബോട്ട് ജീവനക്കാരും ഉടമകളും മറ്റ് ജോലികളിലേയ്ക്ക് തിരിഞ്ഞു.

2020 മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഹൗസ് ബോട്ടുകൾക്ക് ചങ്ങല വീണത്. നവംബറോടെ വീണ്ടും ഓടിത്തുടങ്ങിയെങ്കിലും 2021 മാർച്ചോടെ വീണ്ടും ലോക്കായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ രണ്ട് ബോട്ടുകളടക്കം അഷ്‌ടമുടി കായലിൽ 25 ഓളം ഹൗസ് ബോട്ടുകളാണ് സർവീസ് നടത്തിയിരുന്നത്.

ഡീസൽ, ഭക്ഷണം, ജീവനക്കാരുടെ ശമ്പളം എല്ലാം കഴിഞ്ഞ് ചെറിയ ലാഭമാണ് ലഭിച്ചിരുന്നത്. രണ്ട് കിടക്കകളുള്ള ബോട്ടിൽ നാലും ഒരു കിടക്കയുള്ള ബോട്ടിൽ മൂന്ന് ജീവനക്കാരുണ്ടാവും. ഇത്രയും കുടുംബങ്ങളുടെ വരുമാനമാണ് ഇല്ലാതായത്. പലരും ബാങ്ക് വായ്പയെടുത്താണ് ഈരംഗത്ത് എത്തിയത്. കൊവിഡ് പ്രതിസന്ധിയിൽ വായ്പാ തിരിച്ചടവ് മുടങ്ങി ഉടമകൾ കടക്കെണിയിലാണ്.


അറ്റകുറ്റപ്പണി വെല്ലുവിളി

ഓടാതെ കെട്ടിയിട്ടിരിക്കുന്നതിനാൽ ഭൂരിപക്ഷം ബോട്ടുകളുടെയും അടിത്തട്ടും വളവരയും ദ്രവിച്ചുതുടങ്ങി. പല ബോട്ടുകൾക്കും എൻജിൻ പണിയും വേണ്ടിവരും. ഉപ്പുവെള്ളത്തിൽ കിടക്കുന്നതിനാൽ അടിത്തട്ട് ചോരാൻ സാദ്ധ്യതയുണ്ട്. പനമ്പും മുളയും കയറും കൊണ്ടാണ് വളവര നിർമ്മിക്കുന്നത്. സാധാരണ രണ്ടു വർഷം കൂടുമ്പോൾ ഇവ മാറണം. കുറഞ്ഞത് ഒന്നര ലക്ഷം രൂപയെങ്കിലും വേണം അറ്റകുറ്റ പണി നടത്താൻ. മൂന്നുവർഷം കൂടുമ്പോൾ ബോട്ടുകൾക്ക് ചോർച്ചയുണ്ടോയെന്ന് (ഡ്രൈ ഡോക്ക്) പരിശോധിക്കണം. ഇതിന് ആലപ്പുഴയിൽ മാത്രമേ സൗകര്യമുള്ളൂ. പരിശോധനയ്ക്ക് 50,000 രൂപയാണ് ഫീസ്. മുപ്പത് ദിവസം ഇതിന് വേണ്ടി വരും. ഓരോ ദിവസത്തിനും അഞ്ഞൂറ് മുതൽ ആയിരം രൂപവരെ അധികം ചാർജും നൽകണം.

ബോട്ട് നിർമ്മാണ ചെലവ്: 60 ലക്ഷം - 1 കോടി

സർവീസ് നിരക്ക് ഒരുദിവസം: 12,500 രൂപ (പത്തുപേർക്ക് ഭക്ഷണം ഉൾപ്പെടെ)

20 പേർക്ക്: 20,000 രൂപ

കൂടുതൽ ബുക്കിംഗ്: ശനി, ഞായർ ദിവസങ്ങളിൽ

ഒരു മാസം കുറഞ്ഞ ബുക്കിംഗ്: 20

പ്രതിമാസ വരുമാനം: 2.50 ലക്ഷം

''

സർക്കാർ അനുമതി നൽകിയാൽ സർവീസ് പുനരാരംഭിക്കും. ജീവനക്കാർ രണ്ടു ഡോസ് വാക്സിനെടുത്തിട്ടുണ്ട്. കൂടുതൽ സഹായവും ഇളവുകളും വേണം.

കെ. അജയ്, ബോട്ട് ഉടമ