കൊല്ലം: ഉത്രവധക്കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങളിലൊന്ന് പൊളിഞ്ഞു. ഉത്രയുടെ മരണത്തിന് പിന്നിൽ സഹോദരനാണെന്ന് ചൂണ്ടിക്കാട്ടി സൂരജ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയുടെ പകർപ്പും രസീതുകളും മുഖ്യമന്ത്രിയുടെ ഓഫീസ് കോടതിയിൽ ഹാജരാക്കി. സൂരജ് ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നും പ്രോസിക്യൂഷനും പൊലീസും ചേർന്ന് കൃത്രിമമായി ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കോടതി നിർദ്ദേശിച്ച പ്രകാരം മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥനായ ജെസ്വിൻ ജോണാണ് കഴിഞ്ഞവർഷം മേയ് 20ന് സൂരജ് മുഖ്യമന്ത്രിക്ക് ഇ- മെയിലിൽ അയച്ച പരാതിയും അതിന്റെ രസീതും രണ്ട് ദിവസത്തിന് ശേഷം പരാതി തുടർ നടപടികൾക്കായി ഡി.ജി.പിക്ക് കൈമാറിയതിന്റെ രസീതും സാക്ഷ്യപ്പെടുത്തി ഹാജരാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഹാജരാക്കിയ പരാതിയുടെ പകർപ്പ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയതാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിയുടെ പകർപ്പ് തെളിവായി സ്വീകരിച്ച് കോടതി രേഖയായി അക്കമിട്ട് സ്വീകരിച്ചു. ഈ രേഖയുമായി ബന്ധപ്പെട്ട് കോടതി ഇന്ന് സൂരജിൽ നിന്ന് വിശദീകരണം തേടും.
സൂരജ് അയച്ച പരാതിയിൽ ഉത്രയോടൊപ്പമാണ് 2020 മേയ് 7ന് രാത്രിയിൽ ഉറങ്ങിയതെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വിചാരണ വേളയിൽ താൻ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നാണ് സൂരജ് പറഞ്ഞത്. ഉത്രയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സൂരജ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സ്വത്തുക്കൾ നൽകാതിരിക്കാൻ ഉത്രയും സഹോദരനുമായി വഴക്കുണ്ടാകാറുണ്ടെന്നും മരണത്തിൽ ഭാര്യാ സഹോദരനെ സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. ഉത്രയ്ക്ക് പാമ്പു കടിയേറ്റ ദിവസമുണ്ടായ സംഭവങ്ങളും രാത്രിയിൽ രണ്ടു പേരും ഒരു മുറിയിലാണ് കിടന്നത് ഉൾപ്പെടെ പരാതിയിൽ വിശദീകരിക്കുന്നുണ്ട്.