കൊല്ലം: പുത്തൂർ ചന്തയ്ക്ക് ശാപമോക്ഷം നൽകാൻ മന്ത്രിയെത്തി. 2.56 കോടിയുടെ രൂപയുടെ ഹൈടെക് വികസനം നടപ്പാക്കും. നിലവിലുള്ള ദുരിതാവസ്ഥകളെല്ലാം പരിഹരിച്ച് അത്യാധുനിക സംവിധാനങ്ങളുള്ള ഹൈടെക് മാർക്കറ്റാക്കി മാറ്റാനാണ് പദ്ധതി . ഇതിനായി കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി നാട്ടുകാർക്കും ജനപ്രതിനിധികൾക്കും ഉറപ്പ് നൽകി. നൂറ്റാണ്ടുകളുടെ പെരുമയുള്ള പുത്തൂർ ചന്ത തീർത്തും നാശത്തിലായത് 'ചീഞ്ഞുനാറി പുത്തൂർ ചന്ത' എന്ന തലക്കെട്ടോടെ ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നടവഴിയിലൂടെ മലിനജലം ഒഴുകിയും മത്സ്യ വില്പനക്കാരുടെ ചുറ്റും മാലിന്യം കുന്നുകൂടുന്നതും കെട്ടിടങ്ങളുടെ തകരാറുമടക്കം വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചന്തയുടെ നല്ലൊരുപങ്ക് സ്വകാര്യ വ്യക്തികൾ കൈയ്യടക്കി വച്ചിരിക്കുന്നതും സാധനങ്ങൾ വാങ്ങാനും വിൽക്കാനുമെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതുമൊക്കെ സൂചിപ്പിച്ചത് മന്ത്രിയുടെ ശ്രദ്ധയിലെത്തി. അടിമുടി മാറ്റംവരുത്തി കെട്ടിടങ്ങളും മാലിന്യ സംസ്കരണ സംവിധാനങ്ങളുമെത്തിയ്ക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
2.56 കോടി രൂപയുടെ വികസനം
കുളക്കട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പുത്തൂർ പടിഞ്ഞാറെ ചന്ത. മത്സ്യ വില്പനയ്ക്കാണ് ഇവിടെ പ്രാധാന്യം. കശുഅണ്ടി മേഖലയായായതിനാൽ വൈകുന്നേരങ്ങളിൽ തൊഴിലാളികൾ കൂട്ടമായിട്ടാണ് ചന്തയിലെത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും തിരക്കേറിയ ചന്തകളിലൊന്നായി പുത്തൂരും മാറി. പക്ഷെ, കാലാനുസൃതമായ വികസനം എത്തിയ്ക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. കുളക്കട ഗ്രാമപഞ്ചായത്തിനെക്കൊണ്ട് മാത്രം ഇവിടെ കാര്യമായ വികസനം എത്തിയ്ക്കാൻ കഴിയില്ലെന്ന തിരിച്ചറിവോടെയാണ് പഞ്ചായത്ത് ഭാരവാഹികളും രാഷ്ട്രീയ നേതാക്കളും മന്ത്രി കെ.എൻ.ബാലഗോപാലിനെ സമീപിച്ചത്. 2.53 കോടി രൂപയുടെ വികസന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ളാന്റ്, പുതിയ ഓട, മത്സ്യ വില്പന കേന്ദ്രം, മത്സ്യം സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, മറ്റ് ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള സൗകര്യങ്ങൾ, ടൊയ്ലറ്റുകൾ, കുടിവെള്ള സംവിധാനം തുടങ്ങിയവ പ്ളാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗിനും സ്ഥലം ക്രമീകരിക്കും.
പുത്തൂർ ചന്തയുടെ ദുരിതാവസ്ഥ നേരിൽ കണ്ടു. പ്രതീക്ഷിച്ചതിനും അപ്പുറത്താണ് ഇവിടെ ദുരിതം. രണ്ടര കോടിരൂപയുടെ വികസന പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുണ്ട്. അതിന് കിഫ്ബിയിൽ നിന്നും തുക അനുവദിക്കും.
കെ.എൻ.ബാലഗോപാൽ
മന്ത്രി