ഓച്ചിറ: യുവാവിനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിലായി. ക്ലാപ്പന കിഴക്ക് ഹരിശ്രീയിൽ ഹരിലാൽ (27), ഹരികൃഷ്ണൻ (26) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചങ്ങൻകുളങ്ങര എസ്.എം മൻസിലിൽ മുഹമ്മദ് അനസ് (30) ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
14ന് രാത്രി 10ന് ചങ്ങൻകുളങ്ങരയിൽ വച്ചായിരുന്നു സംഭവം. പ്രതികൾ ദിവസവാടകയ്ക്ക് നൽകുന്ന പെട്ടി ആട്ടോറിക്ഷയുടെ ഇടപാടുമായി ബന്ധപ്പെട്ട് അനസുമായി വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് മദ്ധ്യസ്ഥത ചർച്ചയ്ക്കെന്ന പേരിൽ അനസിനെ ചങ്ങൻകുളങ്ങരയിൽ വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇരുവരെയും എറണാകുളത്തെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.