photo

കൊല്ലം: അമ്മ പി.എസ്.സിക്ക് പഠിച്ചു, ആറുവയസുകാരി ദ്രുപത കേട്ടുപഠിച്ചു. പഠിച്ചതൊക്കെ പറഞ്ഞപ്പോൾ ഇടം കിട്ടിയത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ!. കൊട്ടാരക്കര നെടുവത്തൂർ ചാന്തൂർ ശ്രീലകത്തിൽ അനുകുമാർ - ഐശ്വര്യ ദമ്പതികളുടെ മകളായ ദ്രുപത.എ. പിള്ളയാണ് ഓർമ്മശക്തിക്കുള്ള റെക്കോഡ് സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രസിഡന്റുമാർ,​ രാജ്യതലസ്ഥാനങ്ങൾ,​ സംസ്ഥാനങ്ങൾ, കേരളത്തിലെ മുഖ്യമന്ത്രിമാർ,​ ജില്ലകൾ തുടങ്ങി അധികാര സ്ഥാനങ്ങളുടെയെല്ലാം പേരുകൾ ദ്രുപതയ്‌ക്ക് ഹൃദിസ്ഥമാണ്. ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ദ്രുപത,​ ലോക്ക് ഡൗൺ കാലത്ത് അമ്മ ഐശ്വര്യ വീട്ടിലിരുന്ന് പി.എസ്.സി പരീക്ഷയ്‌ക്ക് പഠിക്കുന്നത് ശ്രദ്ധിക്കുമായിരുന്നു. ഐശ്വര്യ ഉറക്കെ പറഞ്ഞുപഠിക്കുന്നത് കേട്ട് അമ്മയെക്കാൾ വേഗത്തിൽ ദ്രുപത അത് മനഃപ്പാഠമാക്കി.

ഒരു തവണ വായിച്ച ചോദ്യങ്ങൾ വീണ്ടും ഐശ്വര്യ വായിക്കുമ്പോൾ അടുത്തിരിക്കുന്ന ദ്രുപത ഉത്തരം പറയും. ഇതോടെയാണ് രക്ഷിതാക്കൾ ദ്രുപതയുടെ കഴിവ് ശ്രദ്ധിച്ചത്. തുടർന്ന് കൂടുതൽ ഗൃഹപാഠം നടത്തി.

പിന്നീട് നടപടിക്രമങ്ങൾ പാലിച്ച് ഓർമ്മശക്തി പരിശോധനകളുടെ വീഡിയോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതർക്ക് അയച്ചുനൽകി. ഒരാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ 9ന് റെക്കോഡ് വിവരം ഇ - മെയിലിൽ അറിയിപ്പ് ലഭിച്ചു. സർട്ടിഫിക്കറ്റും അംഗീകാര മുദ്ര‌യും 16ന് കൊറിയറിലൂടെ വീട്ടിലെത്തി. സ്‌കൂളിലെ ഓൺലൈൻ പഠനത്തോടൊപ്പം അമ്മയോടൊപ്പം പൊതുവിജ്ഞാനവും പഠിക്കുകയാണ് ഈ കൊച്ചുമിടുക്കി. അച്ഛൻ അനുകുമാർ ബി.ആർ.എം സെൻട്രൽ സ്‌കൂളിലെ ഫിനാൻസ് മാനേജരാണ് .