v
നിർമ്മാണം നിലച്ച കുമാരനാശാൻ പുനർജനി

മഹാകവി കുമാരനാശാൻ പുനർജനി പാർക്കിന്റെ നിർമ്മാണം നിലച്ചു

കൊല്ലം: ലിങ്ക് റോഡിന് കിഴക്കുഭാഗത്തുള്ള രണ്ടേക്കറിൽ പണിയുന്ന മഹാകവി കുമാരനാശാൻ പുനർജനി പാർക്കിന്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും നിർമ്മാണം പാതിവഴിയിൽ നിലച്ചു. ഏപ്രിൽ പകുതിയോടെ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും പകുതി നിർമ്മാണ പ്രവർത്തനങ്ങൾപോലും പൂർത്തീകരിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണം നിലവിലുണ്ടെങ്കിലും നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് തടസമുണ്ടായിരുന്നില്ല. രണ്ടുമാസം മുൻപുവരെ നിർമ്മാണം നടക്കുന്നുമുണ്ടായിരുന്നു. സ്ഥലത്ത് സൂക്ഷിച്ചിരുന്ന നിർമ്മാണവസ്തുക്കൾ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. പാർക്കിന്റെ സ്ഥലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കോൺക്രീറ്റ് തൂണുകൾക്ക് ബലക്ഷയമുണ്ടാവാനുള്ള സാദ്ധ്യതയും കൂടുതലാണ്.

പാർക്കിന്റെ ഘടന

 കുമാരനാശാൻ സ്മാരക പുനർജനി ഓപ്പൺ എയർ ഓഡിറ്റോറിയം
 പരിപാടികൾ ഇരുന്ന് ആസ്വദിക്കാനുള്ള ഗാലറി സജ്ജീകരിക്കും
 തറയോടുകൾ പാകിയ നടപ്പാതയും പുൽത്തകിടികളും ഒരുക്കും
 മുളയും വള്ളിച്ചെടികളും കൊണ്ടുള്ള ജൈവവേലി,​ തണൽ മരങ്ങൾ

കുമാരനാശാന്റെ അന്ത്യയാത്രയുടെ സ്മാരകം

മഹാകവി കുമാരനാശാന്റെ അന്ത്യയാത്രയുടെ ആരംഭം കൊല്ലം ബോട്ടുജെട്ടിയിൽ നിന്നായിരുന്നു. 1924 ജനുവരി 16ന് രാത്രി ആലപ്പുഴയിലേക്ക് യാത്രതിരിച്ച റെഡീമർ ബോട്ട് പല്ലനയാറ്റിൽ മുങ്ങിയാണ് ആശാൻ മരിക്കുന്നത്. കുമാരനാശാന്റെ അവസാന പാദസ്പർശമേറ്റ കൊല്ലം ബോട്ടുജെട്ടിയിൽ സ്മാരകം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാർക്കിന് തൊട്ടടുത്ത് കുമാരനാശാന്റെ പൂർണകായ പ്രതിമയും സ്ഥാപിക്കും.

നിർമ്മാണം ആരംഭിച്ചത്: ഫെബ്രുവരിയിൽ

നിർമ്മിക്കുന്നത്: 2 ഏക്കർ സ്ഥലത്ത്

ചെലവ്: 3 കോടി

തുക അനുവദിച്ചത്: ടൂറിസം വകുപ്പ്

നിർമ്മാണ ചുമതല: ഇറിഗേഷൻ വകുപ്പ്