കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെ സിവിൽ സർവീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി 'സ്മാർട്ട് കെ' പദ്ധതി ആരംഭിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. അഞ്ചു വർഷം തുടർച്ചയായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കഴിവും ഇച്ഛാശക്തിയുമുള്ള വിദ്യാർത്ഥികളൾക്ക് മാർഗനിർദ്ദേശവും പരിശീലനവും നൽകുകയാണ് ലഷ്യമിടുന്നത്.

എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പദ്ധതിയിൽ ചേരാൻ അവസരം. ആദ്യഘട്ടത്തിൽ സിവിൽ സർവീസിനെക്കുറിച്ചുള്ള പ്രാഥമിക ഓറിയന്റേഷനുകളും തയ്യാറെടുപ്പുകളും ഉൾപ്പെടുന്ന മോഡ്യൂളും രണ്ടാംഘട്ടത്തിൽ 76 ആഴ്ച നീണ്ടുനിൽക്കുന്ന പ്രാഥമിക പരിശീലനവുമാണ് നൽകുന്നത്. കൊവിഡ് നിയന്ത്രങ്ങളുടെ സാഹചര്യത്തിൽ തുടക്കത്തിൽ ഓൺലൈനായി ആരംഭിക്കുന്ന പരിശീലന ക്ലാസ് പിന്നീട് ഓഫ്‌ലൈനാക്കി മാറ്റും.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരും മാനേജ്‍മെന്റ് വിദഗ്ദ്ധരും ക്ലാസുകൾ നയിക്കും. സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ലേൺ സ്ട്രോക്ക് സി.ഇ.ഒ അർജുൻ ആർ. ശങ്കർ നേതൃത്വം നൽകും. താല്പര്യമുള്ള കുട്ടികൾ അതത് സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം. ഫോൺ: 9747597425.