കൊട്ടാരക്കര: മുസ്ളീം സ്ട്രീറ്റിലെ ഉപയോഗശൂന്യമായ സിഗ്നൽ ലൈറ്റും തൂണും റോഡിലേക്ക് മറിഞ്ഞു വീണ് അപകടമൊഴിവായി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കൊട്ടാരക്കര- പുത്തൂർ റോഡും കൊട്ടാരക്കര- പൂവറ്റൂർ റോഡും സംഗമിക്കുന്ന സ്ഥലത്തെ റോഡിന്റെ അരികിലായി നിന്നിരുന്ന സിഗ്നൽ ലൈറ്റിന്റെ തൂണാണ് അടിഭാഗം ദ്രവിച്ച് മറിഞ്ഞത്. മറിഞ്ഞ സമയത്ത് വാഹനങ്ങൾ ഇതുവഴി കടന്നുപോയിരുന്നില്ല. അതുകൊണ്ടുതന്നെ അപകടമൊഴിവായി. തറയിലേക്ക് പൂർണമായും പതിക്കാതെ റോഡിലേക്ക് ചരിഞ്ഞുനിന്നിരുന്ന പോസ്റ്റിൽ നിന്ന് വൈദ്യുത ലൈൻ വേർപെടുത്തിയ ശേഷം കൊട്ടാരക്കര ഫയർഫോഴ്സ് സംഘമാണ് തൂണ് നീക്കം ചെയ്തത്. ഏറെനേരം ഗതാഗത തടസവുമുണ്ടായി
ഇനിയുമുണ്ട് അപകട തൂണുകൾ
മുസ്ളീം സ്ട്രീറ്റിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനത്തിന്റെ തൂണുകളിൽ പലപ്പോഴായി മൂന്നെണ്ണം ദ്രവിച്ച് മറിഞ്ഞു. വലിയ ദുരന്തങ്ങൾ ഒഴിവായത് തലനാരിഴയ്ക്കാണ്. ഇനിയും ഇവിടെ തൂണുകൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. അടുത്ത അപകടത്തിന് മുൻപായി ഇതും നീക്കം ചെയ്യണമെന്നാണ് ആവശ്യം.