march

കൊട്ടാരക്കര : നഗരസഭാതിർത്തിയിലുള്ള മരങ്ങൾ വെട്ടിമാറ്റിയ വിവാദവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ബി.ഗണേശ് കുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. പുലമൺ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കെ.ബി. ഗണേശ് കുമാറിന്റെ വീടിന് സമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. മണ്ഡലം പ്രസി‌ഡന്റ് വയയ്കൽ സോമൻ ധർണ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാനെ അറസ്റ്റു ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് പ്രവർത്തകർ എസ്. പി. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് വയയ്ക്കൽ സോമൻ പറഞ്ഞു. കെ.ആർ.രാധാകൃഷ്ണൻ, അനീഷ് കിഴക്കേക്കര, രാജീവ് കേളമത്ത്., അരുൺ കാടാംകുളം, ശ്രീരാജ്, സബിത, ഗിരീഷ് ,ഷാജഹാൻ, രാജേഷ് കുരുക്ഷേത്ര ,അശ്വിനിദേവ് എന്നിവർ സംസാരിച്ചു.