കൊല്ലം: കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘകലാവേദിയുടെ നേതൃത്വത്തിൽ കേരളത്തിലെ അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് കൈത്താങ്ങായി കാരുണ്യവാഹനം കൊല്ലത്ത് എത്തി.
ഭക്ഷ്യധാന്യകിറ്റും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും കൊവിഡ് സുരക്ഷാ ഉപകരണങ്ങളുമായി കഴിഞ്ഞ ദിവസം ജില്ലയിലെ 18 യൂണിറ്റുകളിൽ സഹായം വിതരണം ചെയ്‌തു.
കൊല്ലം പ്രസ് ക്ലബ് മൈതാനിയിൽ നടന്ന ചടങ്ങ് കൊല്ലം മുത്തൂറ്റ് റീജിയണൽ മാനേജർ നാരായണൻ നായർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുണ്ടറ അദ്ധ്യക്ഷനായി.
സംഘകലാവേദി ദേശീയ ജനറൽ സെക്രട്ടറിയും സെൻസർ ബോർഡ് അംഗവുമായ ഡോ. നൂറനാട് ഷാജഹാൻ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്‌തു. ദേശീയ ഐ.ടി മീഡിയ സെക്രട്ടറിയും നടനും സംവിധായകനുമായ രമേഷ് ഗോപാൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ജില്ലാ കോ ഓഡിനേറ്റർ കാഥികൻ അഞ്ചൽഗോപൻ കൊവിഡ് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്‌തു.
ജില്ലയിലെ കൊട്ടാരക്കര, അഞ്ചൽ, കടയ്‌ക്കൽ, തച്ചോണം എന്നിവിടങ്ങളിൽ ആയിരത്തിലേറെ കുടുംബങ്ങൾക്കാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെയും നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ സ്‌കൂളിന്റെയും സഹായങ്ങൾ എത്തിച്ചത്.
കിഴക്കൻ മേഖലയിലെ വിവിധ യൂണിറ്റുകൾക്ക് വേണ്ടി സെക്രട്ടറിമാർ കിറ്റുകൾ ഏറ്റുവാങ്ങി. സംസ്ഥാനത്താകമാനം ഇരുപതിനായിരത്തോളം കലാകാരന്മാർക്കാണ് സഹായം നൽകുന്നത്.
ജില്ലാ എക്‌സി. അംഗങ്ങളായ, ചവറ ഗോപൻ, പെരുമൺ സഞ്‌ജീവ് കുമാർ, ബിജു തിരുവാതിര, തങ്കച്ചിഅമ്മ തേവലക്കര, ശിവലാൽ കല്ലട, ധനീഷ് സുന്ദർദാസ് തുടങ്ങിയവർ നേതൃത്വം നൽകി.