കൊല്ലം: നിരത്തുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹനവകുപ്പ് രൂപം നൽകിയ സേഫ് കേരള എൻഫോഴ്സ്മെന്റ് പദ്ധതിയെ ശക്തിപ്പെടുത്താൻ ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറായതായി കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ. ദിജു അറിയിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ ജഡ്ജി തുടങ്ങിയവർക്ക് ആക്ഷൻ പ്ലാൻ കൈമാറി.
ശാസ്ത്രീയ ഗവേഷണ രീതിയിലൂടെ സാങ്കേതിക വിദ്യയുടെ സാദ്ധ്യത ഉപയോഗിച്ച് അപകടങ്ങളിലും പരിക്കേൽക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ 25 ശതമാനം കുറവ് ഉറപ്പാക്കുകയാണ് ആക്ഷൻ പ്ലാനിന്റെ ലക്ഷ്യം. ഓരോ ജില്ലയിലെയും റോഡുകൾ, സ്ഥിരം അപകട മേഖലകൾ, ജനസാന്ദ്രത, വാഹനസാന്ദ്രത, റോഡ് സംസ്കാരം, അപകടങ്ങളുടെ സമയം, രീതി, എന്നിവ ശാസ്ത്രീയമായി അപഗ്രഥിച്ചാണ് പ്ലാൻ തയ്യാറാക്കിയത്.