jumb

ചാത്തന്നൂർ: കൊവിഡ് പോസിറ്റീവായി വീട്ടിൽ കഴിഞ്ഞിരുന്ന വൃദ്ധ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാത്തന്നൂർ സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണന്റെ അവസരോചിതമായ ഇടപെടലിൽ വൃദ്ധയുടെ ജീവൻ രക്ഷിച്ചു.

ആദിച്ചനല്ലൂർ പ്ലാക്കാട് ജിഷ്ണു വിലാസത്തിൽ സുമതിയാണ് (84) ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ പകൽ 11 ഓടെ ഇത്തിക്കര ആദിച്ചനല്ലൂർ റോഡിൽ ഇത്തിക്കര കൊച്ചുപാലത്തിൽ നിന്നാണ് വൃദ്ധ ആറ്റിലേക്ക് ചാടിയത്. ചാത്തന്നൂരിൽ നിന്ന് ആദിച്ചനല്ലൂർ പി.എച്ച്.സിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ഉണ്ണിക്കൃഷ്ണൻ വിവരം അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ ജയകൃഷ്ണനോട് പറഞ്ഞു. ജയകൃഷ്ണനാണ് ആറ്റിൽ ചാടി വൃദ്ധയെ കരയ്ക്കെത്തിച്ചത്. തുടർന്ന് ഓട്ടോറിക്ഷയിൽ ആദിച്ചനല്ലൂർ പി.എച്ച്.സിയിൽ പ്രഥമിക ചികിത്സ നൽകി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃദ്ധ അപകട നില തരണം ചെയ്തു.

കൊവിഡ് പോസിറ്റീവാതിനാൽ തന്നെ ആരും നോക്കാത്തതിനാലാണ് ആറ്റിൽ ചാടിയതെന്ന് വൃദ്ധ പറഞ്ഞു. ജയകൃഷ്ണൻ ആദിച്ചനല്ലൂർ സൊസൈറ്റി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.