കൊല്ലം: പഴങ്ങാലം ആർ. ശങ്കർ മെമ്മോറിയൽ ഹൈസ്കൂളിൽ രണ്ടാംഘട്ട സ്മാർട്ട് ഫോൺ വിതരണം നടത്തി. ഓൺലൈൻ പഠനം സാദ്ധ്യമാകാതിരുന്ന ഏഴ് വിദ്യാർത്ഥികൾക്കാണ് ഫോണുകൾ നൽകിയത്. മുട്ടയ്ക്കാവ് കണ്ണൻ ഗ്രാനൈറ്റ്സ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ സ്വർണലത, അക്ഷയ ഗ്രാനൈറ്റ്സ് ആൻഡ് വി.കെ റോക്സ് മാനേജിംഗ് ഡയറക്ടർ ആർ.എസ്. ബിനു എന്നിവർ ഫോണുകൾ വാർഡ് മെമ്പർ എം. റഹീമിന് കൈമാറി.
സ്കൂൾ ഹെഡ്മാസ്റ്റർ ജി.എസ്. സുനിൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജി. ലൂണ, സ്റ്റാഫ് സെക്രട്ടറി എസ്.ആർ. വർഷ തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകൻ അതുൽ മുരളി പദ്ധതി വിശദീകരണം നടത്തി. ആദ്യഘട്ടത്തിൽ 25 ഫോണുകളാണ് സ്കൂൾ മാനേജർ ഡോ. വിനോദ്‌ലാൽ വിതരണം ചെയ്തത്.