കൊല്ലം: മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടിയം സിതാര ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന തഴുത്തല കാവുവിള നിഷാദിനാണ് (27) തലയ്ക്കും കൈയിലും വെട്ടേറ്രത്. വിരൽ അറ്റ് തൂങ്ങിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുളപ്പാടം സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവം നടക്കുമ്പോൾ നിഷാദിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമി സംഘത്തെ കണ്ട് ഭയന്ന് ഇറങ്ങിയോടി. നിഷാദ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയാണ്. നിഷാദിന്റെ സഹോദരനെ കുളപ്പാടത്ത് വച്ച് ഒരു സംഘം അടുത്തിടെ ആക്രമിച്ചിരുന്നു. മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. നിഷാദ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടിയം പൊലീസ് കേസെടുത്തു.