damaged-road

 പുളിയത്തുമുക്ക് - കല്ലുംതാഴം റോഡ് നിർമ്മാണം ത്രിശങ്കുവിൽ

കൊല്ലം: പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഉദാസീനതയുടെ അടയാളമായി മാറിയിരിക്കുകയാണ് പുളിയത്ത് മുക്ക് - കല്ലുംതാഴം റോഡ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് നാട്ടുകാരുടെ കൈയും കാലും നടുവും തകർന്നു. മൂന്ന് വർഷം മുമ്പ് കരാറൊപ്പിട്ട റോഡിന്റെ നവീകരണം ഒരിഞ്ചുപോലും നീങ്ങാതിരുന്നിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.

കിളികൊല്ലൂർ തോടിന് കുറുകെയുള്ള ഈഴവപ്പാലം പുനർനിർമ്മിക്കാനും പുളിയത്തുമുക്ക് - കല്ലുംതാഴം റോഡ് വീതി കൂട്ടി വികസിപ്പിക്കാനുമാണ് മൂന്ന് വർഷം മുമ്പ് കരാറായത്. കാസർകോട് സ്വദേശിയാണ് കരാറെടുത്തത്. പാലത്തിന്റെ മുക്കാൽ ഭാഗം ഒരു വർഷം മുമ്പ് പൂർത്തിയാക്കി. റോഡിന്റെ വീതി കൂട്ടാനായി മണ്ണെടുത്ത് മെറ്റൽ പാകിയ ശേഷം കരാറുകാരൻ മുങ്ങി.

ഇടയ്ക്കിടെ റോഡുവക്കിൽ കുറച്ച് മണ്ണും മെറ്റലും കൊണ്ടിടും. പിന്നെ മാസങ്ങളോളം കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും പൊടിപോലും കാണില്ല. പലപ്പോഴായി പെയ്ത മഴയിൽ പാലത്തിന്റെ കോൺക്രീറ്റ് അവസാനിപ്പിക്കുന്ന ഭാഗത്തെ മണ്ണ് വൻതോതിൽ ഒലിച്ചുപോയി. അതുകൊണ്ട് തന്നെ പാലം റോഡുമായി ചേരുന്ന രണ്ടിത്തും വലിയ കുഴിയാണ്.

പൊതുമരാമത്ത് ഓഫീസിൽ തിരക്കി ചെല്ലുമ്പോൾ ഉടൻ കരാർ റദ്ദാക്കി വീണ്ടും ടെണ്ടർ ചെയ്യുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കബിളിപ്പിച്ച് പറഞ്ഞ് അയയ്‌ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നവീകരണം വേഗത്തിലാക്കാൻ ജനപ്രതിനിധികൾ കാര്യമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

കുരുക്കില്ലാതാക്കുന്ന ഇടറോഡ്

അയത്തിൽ ജംഗ്ഷനിലെ കുരുക്കിൽപ്പെടാതെ വേഗത്തിൽ കല്ലുംതാഴം ജംഗ്ഷനിലെത്താനായി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. ഇക്കാരണത്താൽ പ്രദേശവാസികളെക്കാൾ ദൂരെ സ്ഥലങ്ങളിലുള്ളവരാണ് ഈ റോഡിനെ കൂടുതലും ആശ്രയിക്കുന്നത്. കുണ്ടിലും കുഴിയിലും വീണ് നടുവേദന പതിവായതോടെ ഇതുവഴിയുള്ള യാത്ര പലരും ഉപേക്ഷിച്ചു. പക്ഷെ നാട്ടുകാർ വേറെ വഴിയില്ലാതെ വിഷമിക്കുകയാണ്.

''ഈ മാസം 23ന് കരാറുകാരനെ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കരാർ റദ്ദാക്കും. നേരത്തെ പലതവണ കരാറുകാരനെ വിളിച്ചുവരുത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ഉടൻ നിർമ്മാണം ആരംഭിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ''

എക്സിക്യുട്ടീവ് എൻജിനിയർ,

പൊതുമരാമത്ത് വകുപ്പ്