കൊല്ലം: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ കായിക അസോസിയേഷനുകളുടെ സഹകരണത്തോടെ നാളെ വൈകിട്ട് 4ന് കപ്പലണ്ടിമുക്ക് ഒ. മാധവൻ സ്ക്വയർ മുതൽ ചിന്നക്കട ബസ് ബേ വരെ സ്ഥാപിക്കുന്ന ഒളിമ്പിക് സ്ട്രീറ്റിന്റെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും.
ജില്ലയിലെ സൈക്കിളിസ്റ്റുകൾ, റോളർ സ്കേറ്റിംഗ്, ബുള്ളറ്റ് റൈഡേഴ്സ് എന്നിവർ പങ്കെടുക്കുന്ന റോഡ് ഷോ ചിന്നക്കട ബസ് ബേ മുതൽ കപ്പലണ്ടിമുക്ക് വരെ നടക്കും. കായിക ഇനങ്ങളുടെ ഡെമോ വിശിഷ്ട വ്യക്തികൾ ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 7ന് അസോ. ഭാരവാഹികളും കായിക പ്രേമികളും ദീപം തെളിക്കും. ചിന്നക്കടയിൽ എം. മുകേഷ് എം.എൽ.എയും കപ്പലണ്ടിമുക്കിൽ എം. നൗഷാദ് എം.എൽ.എയും ദീപശിഖ തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കും. 23ന് രാവിലെ എൽ.ബി.എസ് സ്റ്റേഡിയത്തിൽ നിന്ന് ദീപശിഖാ റാലിയും മാരത്തോണും സൈക്കിൾ റാലിയും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ ഒളിമ്പിക് പതാക ഉയർത്തുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, സെക്രട്ടറി ആർ. ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.