കരുനാഗപ്പള്ളി: മികവിന്റെ കേന്ദ്രമായി കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ . ഈ അദ്ധ്യാന വർഷം 5 മുതൽ 10 വരെ ക്ലാസുകളിലായി 145 വിദ്യാർത്ഥികളാണ് പുതുതായി എത്തിയത്. ഇതോടെ 6 ഡിവിഷനുകൾ പുതുതായി വർദ്ധിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.8 ശതമാനം വിജയം നേടി ജില്ലയിൽ മുന്നിൽ എത്തി. പരീക്ഷ എഴുതിയ 451 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ് തോറ്രത്. 189 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികളാണ് വർഷം തോറും ഇവിടേക്ക് എത്തുന്നത്. പഠന നിലവാരത്തിലുള്ള മികവ് തന്നെയാണ് ഇതിന് കാരണം.
രക്ഷിതാക്കളുടെയും
വിദ്യാർത്ഥികളുടെയും വിശ്വാസം
എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, . ജെ.ആർ.സി, ലിറ്റിൽകൈറ്റ് തുടങ്ങി എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിക്കുന്ന വിധത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടേയും വിശ്വാസമാണ് സ്കൂളിന്റെ ഉയർച്ചക്ക് കാരണമെന്ന് പ്രിൻസിപ്പൽ സി.എസ്.ശോഭയും ഹെഡ്മിസ്ട്രസ് ജെ.ക്ലാരറ്റും പറയുന്നു. സ്കൂളിൽ ഹയർ സെക്കൻഡറി തലം വരെ 2567 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഹൈസ്കൂളിൽ മാത്രമായി 1764 കുട്ടികളുണ്ട്. കൊവിഡ് കാലഘട്ടത്തിൽ ഓൺ ലൈൻ ക്ളാസുകൾ കൃത്യമായും ചിട്ടയോടെയും നടക്കുന്നു. കൃത്യ സമയങ്ങളിൽ ടെസ്റ്റ് പേപ്പറുകളും പരീക്ഷകളും നടത്തി കുട്ടികളുടെ കാര്യക്ഷമത പരിശോധിക്കുന്നു. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകുന്നു.
ഹൈടെക് സൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ 5 കോടി രൂപ ചെലവഴിച്ച് 21 ക്ലാസ് മുറികളുള്ള മൂന്ന് നില കെട്ടിടം നിർമ്മിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന് 7 കോടി രൂപ ചെലവഴിച്ച് ഹൈടെക് കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. സ്കൂളിൽ അദ്ധ്യാപകർ ഉൾപ്പെടെ 110 ജീവനക്കാരാണ് ഉള്ളത്.
ആകെ വിദ്യാർത്ഥികൾ 2567
ഈ വർഷം അഡ്മിഷൻ എടുത്തത് 145 വിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി പരീക്ഷയിൽ 189 പേർക്ക് എല്ലാവിഷയത്തിനും എ പ്ളസ്