കൊല്ലം: മനുഷ്യാവകാശ കമ്മിഷൻ 29ന് രാവിലെ 11ന് അഷ്ടമുടി കായൽ സന്ദർശിക്കും. ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി സ്ഥലം സന്ദർശിക്കുന്നത്.
ആശുപത്രി മാലിന്യത്തിന് പുറമെ കക്കൂസ്, പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നതായി പരാതിയുണ്ട്. മാലിന്യം കാരണം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടത് കാരണം ദേശാടന പക്ഷികളും വരാതെയായി. അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. നേരത്തെ വിഷയത്തിൽ ഇടപെട്ട കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.