photo
ഏരൂർ ഗ്രാമപഞ്ചായത്തിലെ നെട്ടയം ഗവ. സ്കൂളിലെ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പി.എസ്. സുപാൽ എം.എൽ.എ സ്മാർട്ട് ഫോൺ വിതരണം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, ബ്ലോക്ക് പഞ്ചായത്തംഗം ഓമന മുരളി തുടങ്ങിയവർ സമീപം

അഞ്ചൽ: ഏരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ സഹായ സമിതിയുടെ സഹായത്തോടെ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നെട്ടയം ഗവ. ഹൈസ്കൂളിൽ സ്മാർട്ട് ഫോൺ ഇല്ലാതെ പഠനം മുടങ്ങിയ 28 വിദ്യാർത്ഥികൾക്ക് ഫോൺ വിതരണം ചെയ്തു. വിതരണോദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഓമന മുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഖിൽ, ആനന്ദി, അനുജ, പ്രഥമ അദ്ധ്യാപിക സിന്ധു പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജൂലായ് 31 നകം പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠിക്കാനുളള സൗകര്യം ഉറപ്പുവരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.