കൊട്ടാരക്കര : ഇഞ്ചക്കാട് ജംഗ്ഷനിലെ കൂരിരുട്ടിന് പരിഹാരമായി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഇഞ്ചക്കാട് ജംഗ്ഷനിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ സന്ധ്യമയങ്ങിയാൽ ജനം ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് കാണിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു. മുൻ എം.എൽ.എ ഐഷാപോറ്റിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3.55 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, അംഗങ്ങളായ രാധാകൃഷ്ണപിള്ള, പ്രസന്നകുമാർ, ശ്രീലത, ഓമന രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ഇഞ്ചക്കാട് പ്രദേശത്തുള്ള നിർദ്ധന വിദ്യാർത്ഥികൾക്ക്
മൊബൈൽ ഫോണുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. മൊബൈൽ ഫോണില്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ പെരുങ്കുളം പി.വി.എച്ച്.എസ്.എസിലെ 5 നിർദ്ധന വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോൺ നൽകിയത്.
സിംഫണി വാട്ട്സ് ആപ്പ് കൂട്ടായ്മ അംഗങ്ങൾ സമാഹരിച്ച 35000 രൂപ ഉപയോഗിച്ചാണ് ഫോൺ വാങ്ങിയത്.
ഗ്രൂപ്പ് അഡ്മിൻ ബി.ആർ.പ്രദീപ്, ജി.രഘുനാഥ്, സ്കൂൾ പ്രഥമാദ്ധ്യാപകൻ പി.രാജു, അദ്ധ്യാപകരായ ജയലക്ഷ്മി, ആസാദ്, ശ്രീകുമാർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.