covid-rush

 4428 പേർക്കെതിരെ ഇന്നലെ നടപടി

കൊല്ലം: നഗരത്തിൽ കൊവിഡ് നിയന്ത്രണത്തിൽ അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മാത്രം 4,428 പേർക്കെതിരെയാണ് നടപടികൾ സ്വീകരിച്ചത്. ഇതിൽ 401 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാസ്ക് കൃത്യമായി ധരിക്കാത്തവർ, സാമൂഹിക അകലം പാലിക്കാത്തവർ എന്നിവരും ഇതിലുൾപ്പെടും.

കൊവിഡ് നിയന്ത്രണം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയധികം പേർക്കെതിരെ സിറ്റി പൊലീസ് നടപടി സ്വീകരിക്കുന്നത്. ഇളവുകൾ മുതലെടുത്ത് കറങ്ങിനടക്കുന്നവരിലുണ്ടായ വർദ്ധനവാണ് ഇത്രയും അധികം പേർ പിടിയിലാകാൻ കാരണം. രോഗവ്യാപനത്തിന്റെ തീവ്രതയിൽ ചിലർ അജ്ഞത നടിക്കുകയാണെന്ന വിലയിരുത്തലിലാണ് പൊലീസ്.

നിരത്തുകളിലും കടകളിലും സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിന് 14,431 പേർക്കാണ് ഇന്നലെ മാത്രം താക്കീത് നൽകിയത്. ഗൃഹനിരീക്ഷണം‌ ലംഘിച്ചതിന് ഒരാഴ്ചയ്‌ക്കിടെ 182 പേർക്കെതിരെ പകർച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

കൊവിഡ് മാനദണ്ഡ ലംഘനം ഇന്നലെ

 നടപടി എടുത്തത്: 4,428

ശരിയായ വിധം മാസ്ക് ധരിക്കാത്തത്: 2051

സാമൂഹിക അകലം പാലിക്കാത്തത്: 1976

അറസ്റ്റ് ചെയ്‍തത്: 401

 താക്കീത് നൽകിയത്: 14,431 പേർക്ക്

 പിടിച്ചെടുത്ത വാഹനങ്ങൾ: 256

 അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ: 97

 ഗൃഹനിരീക്ഷണ ലംഘനം: 48

''കൊവിഡ് നിയന്ത്രണ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ഉപയോഗപ്പെടുത്തും."

ടി. നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ