file

കൊല്ലം: എൻ.സി.പി നേതാവ് യുവതിയെ അപമാനിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന വെടിമരുന്ന് നിറച്ചപോലെ ഇന്നലെ പുറത്തുവന്ന വാർത്തയ്ക്ക് പിന്നിൽ ദുരൂഹത പുകയുന്നു. മന്ത്രിയെയും എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരനെയും രാഷ്ട്രീയമായി തകർക്കുകയാണ് പരാതിക്ക് പിന്നിലെന്നാണ് വലിയൊരു വിഭാഗത്തിന്റെ വാദം.

മാർച്ച് 6ന് പത്മാകരൻ കൈയിൽ പിടിച്ചുവെന്നാണ് യുവതി ഇന്നലെ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞത്. മാസങ്ങൾ കഴിഞ്ഞ് ജൂൺ 28നാണ് കുണ്ടറ പൊലീസിന് പരാതി നൽകിയത്. ഇതും കഴിഞ്ഞ് ഈമാസം 4നാണ് മന്ത്രി യുവതിയുടെ പിതാവായ എൻ.സി.പി നേതാവിനെ വിളിച്ചത്. എന്നാൽ യുവതി ജൂൺ 28ന് പൊലീസിൽ നൽകിയ പരാതിയിൽ സംഭവം നടന്ന ദിവസമോ തീയതിയോ കൃത്യമായി പറഞ്ഞിട്ടില്ല. കുറച്ച് ദിവസം മുമ്പ് എന്ന് മാത്രമാണ് എഴുതിയിട്ടുള്ളതെന്ന് കുണ്ടറ പൊലീസ് പറഞ്ഞു. ഭരണകക്ഷി നേതാവിനെതിരെ യുവതി പരാതി നൽകിയ വിവരം പ്രദേശത്തെ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെല്ലാം അറിഞ്ഞിരുന്നു. പക്ഷെ സംഭവം വിശ്വസനീയമായി തോന്നാഞ്ഞതിനാൽ പരാതി നൽകാൻ ഒപ്പം പോയവർ പോലും പ്രതിഷേധിച്ചില്ല. ഇന്നലെ മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്.

പരാതിക്കാരിയായ യുവതിയുടെ പിതാവിനെ കുണ്ടറ പൊലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. അദ്ദേഹം എൻ.സി.പിയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു. ഇങ്ങനെ നിരന്തരം അക്രമസംഭവങ്ങളുടെ ഭാഗമാകുന്നയാൾ പാർട്ടിയുടെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് പത്മാകരൻ പാ‌ർട്ടി കമ്മിറ്റിയിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ രണ്ട് കാര്യങ്ങളും നടന്നത് മാർച്ച് ആറിനും ജൂൺ 28നും ഇടയിലാണ്. ഇങ്ങനെ പാർട്ടി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് പാർട്ടി കമ്മിറ്റിയിൽ ആവശ്യപ്പെട്ടതിലെ വൈരാഗ്യമാണ് പത്മാകരനെതിരെ ഉയർന്ന പരാതിക്ക് പിന്നിലെന്ന സംശയവും ഉയരുന്നു. എൻ.സി.പിക്ക് പുറമേ നിരവധി ആത്മീയ, സാമൂഹ്യ പ്രസ്ഥാനങ്ങളിൽ പത്മാകരൻ സജീവമാണ്. ഈ സംഘടനകളിൽ ഒപ്പം പ്രവർത്തിക്കുന്നവരെല്ലാം അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് പങ്കുവയ്ക്കുന്നത്.

സത്യം തുറന്നുകാട്ടാൻ കാമറകൾ

യുവതിയുടെ പരാതിയിൽ പറയുന്ന ഹോട്ടലിൽ റോഡിലെ ദൃശ്യങ്ങൾ അടക്കം ലഭിക്കുന്ന തരത്തിൽ കാമറകളുണ്ട്. ഈ കാമറകൾ പരിശോധിച്ചാൽ തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് വ്യക്തമാകുമെന്ന് പത്മാകരൻ പറഞ്ഞു. ആരോടും മോശമായി പെരുമാറാൻ കഴിയുന്ന സാഹചര്യമല്ല ഹോട്ടലിന്റെ മുൻഭാഗത്തുള്ളത്. ഹോം ഡെലിവറിക്കായി ഹോട്ടലിന് മുന്നിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക ഔട്ട്ലെറ്റുണ്ട്. ഇവിടെ എപ്പോഴും ആൾത്തിരക്കാണ്. പത്മാകരന്റെ ഹോട്ടലിന്റെ എതിർവശത്താണ് കുണ്ടറ പൊലീസ് സ്റ്റേഷൻ. ഹോട്ടലിലെ കാമറ വിശ്വസനീയമല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചാലും പരാതി വസ്തുതാപരമാണോയെന്ന് വ്യക്തമാകും.