കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിവിലായിരുന്ന യുവതിയും കാമുകനും പൊലീസിന്റെ പിടിയിലായി. നീരാവിൽ സ്വദേശിയായ 38കാരിയായ യുവതിയെയും ചടയമംഗലം നെടുമ്പറത്ത് കൊട്ടാരവിളയിൽ ഷാഹുൽ ഹമീദിനെയും (28) 15ന് പുലർച്ചെ 1.30 ഓടെയാണ് കാണാതായത്. ഇവർ ബംഗളൂരുവിലേക്ക് കടന്നതെന്ന സംശയത്തിൽ അവിടം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇന്നലെ പുലർച്ചെ പ്രാക്കുളം, പള്ളാപ്പിൽ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്.
സ്വകാര്യ ബസിലെ ജീവനക്കാരനായ യുവാവ് നീരാവിൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 12 ഉം 6 ഉം വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതി പള്ളാപ്പിൽ സ്വദേശിയായ ഡ്രൈവറുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്നു. 12 വയസിൽ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ചതിനാൽ ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ അട്ടകുളങ്ങര വനിതാ ജയിലിലേക്കും യുവാവിനെ കൊട്ടാരക്കര സബ് ജയിലേക്കും റിമാൻഡ് ചെയ്തു. അഞ്ചാലുംമൂട് എസ്.എച്ച്. ഒ ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ലഗേഷ് കുമാർ, ഷബ്‌ന, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ അനന്തു ബാബു, എ.എസ്.ഐ മാരായ മനോജ്, ഓമനക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.