മന്ത്രി വിളിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് യുവതിയുടെ പിതാവുമായി അടുപ്പമുള്ളവർ
കൊല്ലം: എൻ.സി.പി സംസ്ഥാന എക്സി. അംഗം ജി. പത്മാകരനെതിരെ ഉയർന്ന യുവതിയെ അപമാനിച്ചെന്ന പരാതിക്ക് പിന്നൽ പാർട്ടിക്കുള്ളിലെ കലഹമാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. പരാതിക്കാരിയായ യുവതിയുടെ പിതാവും പത്മാകരനും തമ്മിലുണ്ടായിരുന്ന പ്രശ്നം പരിഹരിക്കാൻ തങ്ങൾ പലതവണ ശ്രമിച്ചിട്ടുള്ളതായും നേതാക്കൾ പറയുന്നു.
ജില്ലയിലെ എൻ.സി.പിയിൽ ഏറ്റവും കൂടുതൽ സംഘടനാ പ്രശ്നം നിലനിൽക്കുന്ന പ്രദേശമാണ് കുണ്ടറ. ഈ പ്രശ്നങ്ങളിൽ രണ്ട് പക്ഷത്ത് നിൽക്കുന്നവരാണ് പത്മാകരനും യുവതിയുടെ പിതാവും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാതിക്കാരിയായ യുവതിയുടെ പിതാവ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. എന്നാൽ ഇടുതുമുന്നണി പേരയം പഞ്ചായത്തിൽ എൻ.സി.പിക്ക് സീറ്റ് നൽകിയില്ല. സംസ്ഥാന എക്സി. അംഗമായ പത്മാകരൻ ശക്തമായി സീറ്റ് ആവശ്യപ്പെടാതിരുന്നത് തന്നെ മാറ്റിനിറുത്താൻ വേണ്ടിയാണെന്ന് യുവതിയുടെ പിതാവ് പരാതിപ്പെട്ടിട്ടുള്ളതായി ജില്ലയിലെ പ്രമുഖ എൻ.സി.പി നേതാവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് എൻ.സി.പി പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരുന്ന യുവതി പാർട്ടി വിട്ട് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചത്.
യുവതിയുടെ പിതാവും സഹോദരനും ഏതാനും മാസം മുമ്പ് വധശ്രമ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു. ഇപ്പോൾ പത്മാകരനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന് ആരോപിച്ച് അയൽവാസിയെ ആക്രമിച്ച കേസിലായിരുന്നു ജയിൽവാസം. ഈ കേസിൽ പത്മാകരൻ സ്വന്തം പാർട്ടിക്കാരനായ തനിക്കൊപ്പം നിൽക്കാതെ അയൽവാസിയെ സഹായിച്ചെന്നും യുവതിയുടെ പിതാവ് പരാതി പറഞ്ഞിട്ടുള്ളതായി ജില്ലയിലെ മുതിർന്ന എൻ.സി.പി നേതാവ് വ്യക്തമാക്കി. അയൽവാസിയെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച കേസിൽ യുവതിയും പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ടുള്ള കോടതി നിർദ്ദേശത്തെ തുടർന്നാണ് യുവതിയും കുടുംബവും പേരയത്ത് നിന്നും പെരുമ്പുഴയിലേക്ക് താമസം മാറിയത്. പേരയത്തുള്ള മറ്റൊരു അയൽവാസിക്കെതിരെയും പീഡന പരാതി നൽകിയിട്ടുണ്ട്. പരസ്ത്രീ ബന്ധം ആരോപിച്ച് ഭർത്താവിനെതിരെയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. പത്മാകരനുമായുള്ള പ്രശ്നം മന്ത്രി എ.കെ. ശശീന്ദ്രനോ പാർട്ടി സംസ്ഥാന പ്രസിഡന്റോ ഇടപെട്ടാൽ ഒത്തുതീർപ്പാക്കാമെന്ന ആവശ്യം മുന്നോട്ടുവച്ചത് യുവതിയുടെ പിതാവുമായി അടുപ്പമുള്ളവരാണെന്നും എൻ.സി.പി നേതാക്കൾ പറയുന്നു.
പരാതിക്കാരിയായ യുവതിയെ മൊഴിയെടുക്കാൻ കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും എത്തിയില്ല. കുണ്ടറ പൊലീസ് ഇന്നലെ വീട്ടിൽ ചെന്നെങ്കിലും അവിടെയും ഉണ്ടായിരുന്നില്ല. യുവതിയുടെ മൊഴി ലഭിക്കാത്തതിനാൽ പരാതി വസ്തുതാപരമാണോയെന്ന പരിശോധനയും വഴിമുട്ടിയ അവസ്ഥയിലാണ്.