കൊട്ടാരക്കര: മാർക്കറ്റ് ജംഗ്ഷനിലെ നഗരസഭ ഗ്രൗണ്ടിലെ മാലിന്യക്കൂന നീക്കം ചെയ്തു. ടൗണിലെത്തുന്നവർക്ക് സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്യാനായി ഉപയോഗിക്കുന്ന ഗ്രൗണ്ടിൽ ദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ മാലിന്യം തള്ളുന്നതായി പരാതി ഉണ്ടായതിനെ തുടർന്ന് നഗരസഭാദ്ധ്യക്ഷൻ എ.ഷാജുവിന്റെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് നടപടി.

കുറ്റിക്കാട് വെട്ടിത്തെളിക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. ഈ ഗ്രൗണ്ടിനോട് ചേർന്നാണ് ടൗണിലെ അമ്പതോളം വരുന്ന ചുമട്ടുതൊഴിലാളികൾ ഒഴിവു സമയം ചിലവഴിക്കുന്നതും വിശ്രമിക്കുന്നതും ഭക്ഷണം കഴിയ്ക്കുന്നതും. അവരുടെ പരാതി വ്യാപകമായതോടെയാണ് നഗരസഭ ചെയർമാനും ബന്ധപ്പെട്ടവരും പ്രശ്നത്തിൽ ഇടപെട്ടത്. നഗരസഭ ഗ്രൗണ്ടിൽ മേലിൽ മാലിന്യം തള്ളാതിരിക്കാൻ ഗ്രൗണ്ടിനുള്ളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാനും തീരുമാനമായി.