കൊല്ലം: സഹകാർ ഭാരതിയുടെ കീഴിൽ ഉമയനല്ലൂരിൽ ആരംഭിക്കുന്ന മയ്യനാട് അക്ഷയശ്രീ സംരംഭമായ സമൃദ്ധി സ്റ്റോറിന്റെ പ്രവർത്തനം തടസപ്പെടുത്താൻ മയ്യനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി ഭരണസമിതി ആരോപിച്ചു. എല്ലാവിധ നടപടികളും പൂർത്തിയായി ഈ മാസം 28ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് സമൃദ്ധി സ്റ്റോറിനെതിരായി ഒരു വിഭാഗത്തിന്റെ നീക്കം.
പഞ്ചായത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോർ പ്രവർത്തിക്കുന്നത്. എന്നാൽ സഹകരണ രംഗത്തെ തങ്ങളുടെ അപ്രമാദിത്വം നഷ്ടമാകുമെന്ന ധാരണയിലാണ് ഒരു വിഭാഗം സ്റ്റോറിനെതിരെ നീങ്ങുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ജനങ്ങൾക്ക് മാന്യമായ വിലയിൽ ഗുണനിലവാരമുള്ള വസ്തുക്കൾ ലഭ്യമാക്കുകയാണ് സ്റ്റോറിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പ്രദേശത്തെ ജനങ്ങളും വലിയ പിന്തുണ നൽകുന്നുണ്ട്. ഇതിൽ വിറളി പൂണ്ട സി.പി.എം നേതൃത്വം ഗൂഢ നീക്കങ്ങൾ നടത്തുകയാണെന്നും സ്റ്റോറിന്റെ ഭാരവാഹികൾ വ്യക്തമാക്കി.
'' ഏത് പുതിയ സംരംഭത്തെയും കൊടികുത്തി തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല. ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള വസ്തുക്കൾ ലഭ്യമാക്കുന്നതിനൊപ്പം കുറച്ചുപേർക്ക് തൊഴിവസരവും നൽകുന്ന സംരംഭമാണിത്. അത് തടസപ്പെടുത്തുന്നതിനെതിരെ രാഷ്ട്രീയത്തിനതീതമായി ജനകീയ പ്രക്ഷോഭം ഉയർന്നുവരും. ''
രഞ്ജിത്ത് (മയ്യനാട് പഞ്ചായത്ത് അംഗം)