dog
മോഷണം നടന്ന കൊല്ലം ഉപാസന ആശുപത്രിക്ക് സമീപം എ.ജി നഗർ ശ്രീശൈലത്തിൽ ഡോ. യതീന്ദ്രന്റെ വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു

കൊല്ലം: നഗരമദ്ധ്യത്തിലെ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 15 പവന്റെ ആഭരണങ്ങളും അമ്പതിനായിരം രൂപയും കവർന്നു. കൊല്ലം ഉപാസന ആശുപത്രിക്ക് സമീപം എ.ജി നഗർ ശ്രീശൈലത്തിൽ ഡോ. യതീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. അസുഖത്തെ തുട‌ർന്ന് യതീന്ദ്രൻ ദിവസങ്ങളായി ആശുപത്രിയിലാണ്. ഇന്നലെ വൈകിട്ട് യതീന്ദ്രന് കൂട്ടിരിക്കാൻ ഭാര്യ അനസൂയയും ആശുപത്രിയിലേക്ക് പോയി. രാവിലെ തിരികെവരുമ്പോഴാണ് വീടിന്റെ മുൻവാതിൽ പൊളിച്ചത് ശ്രദ്ധയിൽപ്പെട്ടത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്. മോഷണ ശേഷം പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

കതക് പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം വീടിന്റെ പിൻഭാഗത്ത് നിന്ന് ലഭിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് പിന്നിലെ റെയിൽവേ ട്രാക്ക് വഴി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് പോയി. വീട്ടിൽ ആരുമില്ലെന്ന് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു. ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമായി നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.