പുനലൂർ: തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ കുഴൽ കിണറുകൾ സ്ഥാപിച്ചും മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിൽ പൈപ്പ് ലൈനുകൾ ഇട്ടും കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്ന് പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. വാർട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം . ഇതിനായി പുതിയ പ്രോജക്റ്റ് തയ്യാറാക്കി നൽകാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭൂജല വകുപ്പുമായി ചേർന്ന് മലയോര മേഖലളിൽ കുഴൽ കിണർ കുഴിച്ച് വീടുകളിലേക്ക് കുടിവെള്ളം നൽകുന്നതിനുള്ള പദ്ധതിക്ക് നിലവിൽ രൂപം നൽകിയിട്ടുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതി ലഭ്യമാകാത്ത ഇടമുളയ്ക്കൽ, അഞ്ചൽ,കരവാളൂർ പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതി വഴി ജലക്ഷാമം പരിഹരിക്കും. ഈ പഞ്ചയത്തുകളിൽ ജപ്പാൻ പദ്ധതിയുടെ പൈപ്പ്കൾ സ്ഥാപിക്കുന്ന ജോലികൾ നിറുത്തി വച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് കാരണം.ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.പുനലൂർ നഗരസഭക്കായി നേരത്തെ തയ്യാറാക്കിയ 150കോടിയുടെ പദ്ധതി അടങ്കൽ പുനഃ പരിശോധിക്കും. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള തടസങ്ങൾ പരിഹരിക്കാൻ പൊതുമരമാത്ത്,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗവും ഉടൻ ചേരും.വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിംഗ് എൻജിനീയർ ഇൻ-ചാർജ്ജ് ആശ ലത, എക്സിക്യൂട്ടീവ് എൻജിനീയർ അനിത കുമാരി, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.