കൊല്ലം: പെരുന്നാൾ ദിനത്തിൽ സാധാരണ അനുഭവപ്പെടുന്ന തിരക്കുകളിൽ നിന്ന് വ്യത്യസ്തമായി നഗരം ഇന്നലെ പൊതുവെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും ബീച്ചിലും മറ്റും തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. അതുകൊണ്ട് തന്നെ പ്രധാന സ്ഥലനങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇന്നലെ വൈകിട്ട് യുവാക്കളിൽ ചിലർ ബീച്ചിലേക്ക് എത്തിയെങ്കിലും പൊലീസ് മടക്കിഅയച്ചു. വിശേഷ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുന്ന മദ്യവിൽപ്പനശാലകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇന്നലെ ആളൊഴിഞ്ഞ നിലയിലായിരുന്നു.
പെരുന്നാൾ ദിവസം വൈകുന്നേരം കുടുംബവുമായി നഗരക്കാഴ്ച്ചകൾ കാണാനിറങ്ങുന്നവരിൽ പലരും ആഘോഷം വീടിനുള്ളിൽ മാത്രമായി ഒതുക്കി. ബന്ധുഭവനങ്ങളിലെ സന്ദർശനങ്ങൾ ഫോൺ വിളികളിലേക്ക് ഒതുങ്ങി. നഗരത്തിലെ കടകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ല.
4000 പേർക്കെതിരെ നടപടി
പെരുന്നാൾ ദിനത്തിൽ നഗരം തിരക്കിലമർന്നില്ലെങ്കിലും സിറ്റി പൊലീസിന്റെ കൊവിഡ് നിയന്ത്രണ ലംഘന പരിശോധനയിൽ പതിവുപോലെ തന്നെ നാലായിരത്തിലധികം പേർക്കെതിരെ നടപടിയെടുത്തു. മാസ്ക് കൃത്യമായി ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും മിക്കവരും വിമുഖത കാട്ടുന്നത് തുടരുകയാണ്. ഇളവുകൾ ലംഘിച്ചതിനും മാനദണ്ഡങ്ങൾ പാലിക്കാത്തതിനും സിറ്റി പൊലീസ് പരിധിയിൽ 78 വ്യാപാര സ്ഥാപനങ്ങളാണ് ഇന്നലെ അടപ്പിച്ചത്.
നടപടികൾ ഇന്നലെ, സിറ്റി പൊലീസ് പരിധിയിൽ
ക്വാറന്റൈൻ ലംഘനം: 18
താക്കീത് നൽകിയത്: 9,013
മാസ്ക് കൃത്യമല്ലാത്തത്: 1,763
സാമൂഹിക അകലം പാലിക്കാത്തത്: 1,897
അറസ്റ്റ്: 374
അടപ്പിച്ചകടകൾ: 78