കൊല്ലം: വിരണ്ടോടിയ പോത്തിനെ നാട്ടുകാരും അഗ്നിരക്ഷാസേന സംഘവും ചേർന്ന് കീഴ്പ്പെടുത്തി. ഇന്നലെ രാവിലെ 11.45ന് രണ്ടാംകുറ്റി ജംഗ്ഷന് സമീപമായിരുന്നു സംഭവം. രണ്ടാംകുറ്റി സ്വദേശി റഹിമിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ടോടിയത്.
അറവിനായി എത്തിച്ച പോത്തിനെ കഴിഞ്ഞ ദിവസം മുതൽ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രാവിലെ രണ്ടാംകുറ്റിക്ക് സമീപത്ത് വച്ച് പോത്തിനെ കണ്ടെത്തിയെങ്കിലും പിടികൂടാനുള്ള ശ്രമത്തിനിടെ വിരണ്ടോടി സമീപത്തെ കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ കയറി.
സ്ഥാപനത്തിന്റെ ഗേറ്റ് ഇടിച്ചുതകർക്കാൻ പോത്ത് ഒട്ടേറെ തവണ ശ്രമിച്ചെങ്കിലും നാട്ടുകാരും അഗ്നിരക്ഷാസേന സംഘവും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കീഴ്പ്പെടുത്തി സ്ഥലത്തു നിന്ന് മാറ്റി. കടപ്പാക്കട ഫയർ സ്റ്റേഷൻ ഓഫിസർ ബി. ബിജു. അസി. സ്റ്റേഷൻ ഓഫിസർ ജി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.