ഒരു കാറിന്റെ എൻജിൻ ഇളകി റോഡിൽ പതിച്ചു
കൊല്ലം: ബൈപ്പാസിൽ മങ്ങാട്- കടവൂർ പാലത്തിന് സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ എൻജിൻ ഇളകി റോഡിലേക്ക് തെറിച്ചു വീണു.
ഇന്നലെ വൈകിട്ട് 6.15 ഓടെയായിരുന്നു അപകടം. കാവനാട് ഭാഗത്ത് നിന്ന് വന്ന വോൾസ് വോഗൻ കാർ എതിർദിശയിൽ നിന്ന് വന്ന രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. വോൾസ് വോഗൻ കാറിന്റെ എൻജിനാണ് ഇളകിത്തെറിച്ചത്. കാറുകളിലുണ്ടായിരുന്ന കുട്ടികൾ അടക്കമുള്ള യാത്രക്കാർക്ക് നിസാര പരിക്കുണ്ട്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ബൈപ്പാസിൽ ഏറെ നേരം ഗതാഗതക്കുരുക്കിന് ഇടയാക്കി.