കരുനാഗപ്പള്ളി : പെരുന്നാൾ ദിനത്തിൽ സാധാരണ അനുഭവപ്പെടുന്ന തിരക്കുകളിൽ നിന്ന് വ്യത്യസ്തമായി കരുനാഗപ്പള്ളി ടൗൺ ഇന്നലെ പൊതുവെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും അഴീക്കൽ ബീച്ചിലും മറ്റും തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. അതുകൊണ്ട് തന്നെ പ്രധാന സ്ഥലനങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് യുവാക്കളിൽ ചിലർ ബീച്ചിലേക്ക് എത്തിയെങ്കിലും പൊലീസ് മടക്കിഅയച്ചു. വിശേഷ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുന്ന മദ്യവിൽപ്പനശാലകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഇന്നലെ ആളൊഴിഞ്ഞ നിലയിലായിരുന്നു.
ആഘോഷം വീടിനുള്ളിൽ
പെരുന്നാൾ ദിവസം വൈകുന്നേരം കുടുംബവുമായി നഗരക്കാഴ്ച്ചകൾ കാണാനിറങ്ങുന്നവരിൽ പലരും ആഘോഷം വീടിനുള്ളിൽ മാത്രമായി ഒതുക്കി. ബന്ധുഭവനങ്ങളിലെ സന്ദർശനങ്ങൾ ഫോൺ വിളികളിലേക്ക് ഒതുങ്ങി. ടൗണിലെ ചില കടകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും പ്രതീക്ഷിച്ച കച്ചവടം നടന്നില്ല. പള്ളികൾ കേന്ദ്രീകരിച്ച് കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രാർത്ഥനകൾ നടന്നു. ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കിയിരുന്നു.
കർശന നിയന്ത്രണത്തിൽ
വ്യവസായ സ്ഥാപനങ്ങളിൽ പൊലീസിന്റെ നിരന്തരമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
പൊലീസ് പട്രോളിംഗ് സംഘം നിരന്തരമായി ഗ്രാമീണ പ്രദേശങ്ങളിൽ റോന്ത് ചുറ്റി. കേസ് ഒന്നും രജിസ്ട്രർ ചെയ്തില്ല. പെരുന്നാളുമായി ബന്ധപ്പെട്ട് താലൂക്ക് ജമാഅത്ത് യൂണിയൻ കർശമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.