പത്തനംതിട്ട: ആഡംബരക്കാറിൽ സുമുഖനായെത്തി പലചരക്ക് കടയിൽ നിന്ന് ഫോണും പണവും മോഷ്ടിച്ചയാൾ അറസ്റ്റിൽ. പുനലൂർ മുരളീമന്ദിരം വീട്ടിൽ ചന്ദ്രകുമാർ(47) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വാഴമുട്ടത്തായിരുന്നു മോഷണം. ആലുവിളതെക്ക് റോബിൻ റോയിയുടെ കടയിൽ കാറിലെത്തിയ ചന്ദ്രകുമാർ വിലകൂടിയ സിഗരറ്റ് ആവശ്യപ്പെട്ടു. ഇതെടുക്കാനായി റോബിൻ തിരിഞ്ഞ പ്പോൾ മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും, മേശയിൽ നിന്ന് 15000 രൂപയും ഇയാൾ മോഷ്ടിച്ചു. ഇയാൾ പോയി കുറച്ചുകഴിഞ്ഞപ്പോഴാണ് ഫോൺ നഷ്ടമായത് റോബിൻ അറിഞ്ഞത്.മേശതുറന്ന് നോക്കുമ്പോൾ പണവും കണ്ടില്ല. തുടർന്ന് റോബിൻ പത്തനംതിട്ട പൊലീസിൽ വിവരമറിയിച്ചു. പത്തനംതിട്ട . സി.െഎ. ജി. സുനിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വികൾ പരിശോധിച്ചു.ഇതിൽ ചന്ദ്രകുമാറിന്റെ മുഖവും കാറിൽ പോകുന്ന ദൃശ്യവും പതിഞ്ഞിരുന്നു. മോഷണംപോയ മൊബൈലിൽ സൈബർ സെല്ലിന്റെ സഹായത്തോടെ വിളിച്ചപ്പോൾ ഇയാൾ പുനലൂർ ഭാഗത്തെ ടവർ ലൊക്കേഷനിലുണ്ടെന്നറിഞ്ഞു.തുടർന്ന് പൊലീസ് പിന്തുടർന്ന് പത്തനാപുരത്ത് വച്ച് പിടികൂടുകയായിരുന്നു.