ithikkara-river
ഇത്തിക്കരയാർ

ചാത്തന്നൂർ: ഇത്തിക്കരയാറിന്റെ വിവിധ പ്രദേശങ്ങൾ ആത്മഹത്യാ മേഖലകളായി മാറുന്നു. കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ മൂന്നുപേരാണ് ഇത്തിക്കരയാറിന്റെ ആഴങ്ങളിൽ ജീവൻ വെടിഞ്ഞത്. സമീപവാസികളുടെയും വഴിയാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ മരണത്തെ മുഖാമുഖം കണ്ട് മടങ്ങിവന്നവരുമുണ്ട്.

ഇക്കഴിഞ്ഞ ജൂണിലാണ് ഊഴായ്ക്കോട് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികൾ ഇത്തിക്കരയാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ഈ മാസം 17ന് തട്ടാമല സ്വദേശിയായ പാസ്റ്റർ ഇത്തിക്കര പാലത്തിൽ നിന്ന് ആറ്റിൽ ചാടി മരിച്ചു. സുബഹി നിസ്കാരത്തിനായി വീട്ടിൽ നിന്നിറങ്ങിയ പൂതക്കുളം സ്കൂളിലെ അദ്ധ്യാപകൻ, ടാക്സി ഡ്രൈവറായിരുന്ന പൂവത്തൂർ സ്വദേശി തുടങ്ങിയവരൊക്കെയും ഇത്തിക്കരയുടെ ആഴങ്ങളിൽ ജീവൻ ബലിയർപ്പിക്കുകയായിരുന്നു.

മരണക്കയം

ആറ്റിൻതീരങ്ങൾ ഭൂരിഭാഗവും കാടുമൂടിക്കിടക്കുന്നതും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിജനമായ പ്രദേശങ്ങളുമാണ് ജീവിതനൈരാശ്യത്തിൽ അകപ്പെടുന്നവരെ ഇത്തിക്കരയിലേക്ക് ആകർഷിക്കുന്നത്. ശക്തമായ അടിയൊഴുക്കുള്ള സമയങ്ങളിൽ രക്ഷാപ്രവർത്തനം അസാദ്ധ്യമാകുന്ന ഭൂമിശാസ്ത്രമാണ് ഇവിടത്തേതെന്ന് സമീപവാസികൾ പറയുന്നു. അടുത്തിടെ എൺപത്തിനാലുകാരിയായ വയോധികയെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യഥാസമയം കണ്ടതുകൊണ്ടാണ് രക്ഷിക്കാനായത്.

ആഴമറിയാതെ അധികൃതർ

വർഷങ്ങൾക്ക് മുമ്പ് ഇത്തിക്കര കൊച്ചുപാലത്തിന് താഴെ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ അടിയൊഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. അന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിരുന്നെങ്കിലും മൂന്ന് ഭരണസമിതികൾ മാറിവന്നതല്ലാതെ ഒന്നും നടന്നില്ല. സുരക്ഷാവേലികളും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ആത്മഹത്യകൾ തടയുന്നതിനുള്ള സർക്കാർ പദ്ധതികളുടെ ടോൾ ഫ്രീ നമ്പരുകൾ പ്രദർശിപ്പിക്കുന്നതിലൂടെ അവസാന നിമിഷം ചിലരെയെങ്കിലും പിന്തിരിപ്പിക്കാമെന്നിരുന്നിട്ടും അതിനും അധികൃതർ തയ്യാറാകുന്നില്ല.