sesi

ആലപ്പുഴ: യോഗ്യതാവിവാദത്തിൽ കുടുങ്ങി കേസിൽ അകപ്പെട്ട ആലപ്പുഴയിലെ വനിതാ വക്കീൽ,​ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയതറിഞ്ഞ് അഭിഭാഷകരെയും പൊലീസിനെയും വെട്ടിച്ച് കോടതിയിൽ നിന്ന് സമർത്ഥമായി മുങ്ങി. യോഗ്യതാപരീക്ഷ പാസാകാതെ വക്കീലായി വിലസി ആലപ്പുഴയിൽ കേസിലകപ്പെട്ട രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് കോടതി പരിസരത്ത് നിന്ന് എല്ലാവരെയും വെട്ടിച്ച് വീണ്ടും ഒളിവിൽപോയത്. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പിലാണ് സെസി ഇന്നലെ ഹാജരാകാനെത്തിയത്. ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ അറസ്റ്റ് ഒഴിവാക്കാൻ കോടതിയുടെ പിന്നിൽ നിർത്തിയിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

യോഗ്യതകളില്ലാതെ വക്കീലായി പ്രവർത്തിച്ചുവരികയായിരുന്ന സെസി​ സേവ്യറിനെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നോർത്ത് പൊലീസിൽ നൽകിയ പരാതിയിൽ ജാമ്യമെടുക്കാനാണ് പ്രമുഖ അഭിഭാഷകനൊപ്പം കോടതിയിലെത്തിയത്. ജാമ്യാപേക്ഷ പരിഗണനയ്ക്കെടുത്തപ്പോൾ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പാക്കിയ സെസി കോടതിപരിസരത്ത് നിന്ന് തന്ത്രപരമായി മുങ്ങിയത്. വിശ്വാസ വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം തുടങ്ങിയവ ഉന്നയിച്ചായിരുന്നു ബാർ അസോസിയേഷന്റെ പരാതി. രണ്ടരവർഷമായി സെസി സേവ്യർ കോടതിയെയും ബാർ അസോസിയേഷനെയും വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.

കഴിഞ്ഞ രണ്ടരവർഷമായി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു സെസി സേവ്യർ. ഇതിനിടെയാണ് ഇവർക്ക് യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അജ്ഞാതന്റെ കത്ത് ബാർ അസോസിയേഷന് ലഭിച്ചത്. തുടർന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ സെസി സേവ്യർ ബാർ കൗൺസിൽ ഒഫ് കേരളയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടു. ഇവർ നൽകിയ റോൾ നമ്പർ മറ്റൊരാളുടേതാണെന്നും കണ്ടെത്തി. ബാർ അസോസിയേഷന്റെ കീഴിലുള്ള ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്നപ്പോൾ ബന്ധപ്പെട്ട രേഖകൾ ഇവർ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഇതിനാണ് മോഷണക്കുറ്റം ആരോപിച്ചത്. യോഗ്യതയില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാൽ സെസി സേവ്യറെ കഴിഞ്ഞദിവസം ബാർ അസോസിയേഷനിൽനിന്ന് പുറത്താക്കിയിരുന്നു. അസോസിയേഷൻ ഭാരവാഹികൾ ഇവരിൽനിന്ന് ഫോണിലൂടെ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ സെസി സേവ്യർ പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. പൊലീസിൽ പരാതി നൽകരുതെന്നും അഭ്യർത്ഥിച്ചു. ഇതിനുപിന്നാലെയാണ് ബാർ അസോസിയേഷൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.

അതേസമയം, കോടതിയിൽ നിന്ന് മുങ്ങിയ സെസിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ആദ്യം പറ്റിച്ചത് മാതാപിതാക്കളെ

കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സാധാരണ കുടുംബത്തിലെ അംഗമായ സെസി സേവ്യറിന്റെ വീട്. മാതാവ് കടയിൽ ജോലിക്ക് പോയും അച്ഛൻ മുട്ടക്കച്ചവടം നടത്തിയുമാണ് സെസിയെ പഠിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു നിയമ പഠനം. കാഴ്ചയിൽ സുന്ദരിയായതിനാൽ സൗഹൃദങ്ങൾ പെരുകി. പഠനം ഉഴപ്പി. ഹാജരില്ലാത്തതിനാൽ പരീക്ഷയെഴുതാനായില്ല. പഠനം പാതിവഴിയിലായതോടെ ബംഗളൂരുവിലേക്ക് പോയ സെസി അവിടെ കോഴ്സ് പൂർത്തിയാക്കിയെന്നായിരുന്നു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. അച്ഛനമ്മമാർക്ക് അതേപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തതിനാൽ മകളുടെ കള്ളക്കളി തിരിച്ചറിയാനും കഴിഞ്ഞില്ല.

ചതിച്ചത് പഴയ സുഹൃത്ത്

എൽ.എൽ.ബി പാസായവരെപ്പോലെ പ്രാക്ടീസിന് പുറപ്പെട്ട സെസിസേവ്യർ,​ ബാർ കൗൺസിലിന്റെ അംഗീകാരത്തോടെ പ്രമുഖ അഭിഭാഷകന് കീഴിൽ ചങ്ങനാശേരിയിലാണ് ആദ്യം പരിശീലനം തുടങ്ങിയത്. അവിടെ വച്ച് യുവ അഭിഭാഷകനുമായി അടുത്ത സൗഹൃദത്തിലായി. ഈ സൗഹൃദം ശക്തമായി തുടരുന്നതിനിടെ ഒരു ഘട്ടത്തിൽ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന വിവരം സെസി സുഹൃത്തിനോട് പറഞ്ഞു. പിന്നീട് ഇരുവരും തമ്മിൽ പിണങ്ങിയതോടെ സെസി പ്രാക്ടീസ് ആലപ്പുഴയിലേക്ക് മാറ്റി. ആലപ്പുഴയിലെ പ്രമുഖഅഭിഭാഷകന്റെ ഓഫീസിൽ പരിശീലനം തുടങ്ങി. അഭിഭാഷകന് വേണ്ടി കേസുകളിൽ കോടതിയിൽ ഹാജരാകുകയും വാദിക്കുകയും ചെയ്തിരുന്ന സെസി,​ ആലപ്പുഴയിലെ അഭിഭാഷകർക്കിടയിൽ താരമായി വിലസുന്നതിനിടെയാണ് ചങ്ങനാശേരിയിലെ അഭിഭാഷക സുഹൃത്തിന്റെ ചില കൂട്ടുകാർ മുഖേന സെസിയുടെ ആയോഗ്യത ആലപ്പുഴയിൽ പാട്ടായത്.

ലൈബ്രേറിയനായി വക്കീലല്ലാതായി

കൊവിഡ് കാലത്ത് അഭിഭാഷകർക്ക് ധനസഹായം നൽകാനുള്ള ഫണ്ട് ശേഖരണത്തിന് സെസിയാണ് നേതൃത്വം വഹിച്ചത്. ലീഗൽ സർവീസ് അതോറിട്ടിയുടെ കേസുകളിൽ കക്ഷികൾക്കുവേണ്ടി ഹാജരായിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിലും കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവർത്തനത്തിലും മുന്നിലായിരുന്നു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എം- സി.പി.ഐയും തമ്മിൽ ഭിന്നതയുണ്ടായി. കോൺഗ്രസ് ജയിച്ചാലും സി.പി.ഐ അനുകൂല സംഘടനയിലെ അഭിഭാഷകർ ജയിക്കരുതെന്ന് സി.പി.എം അനുകൂല അഭിഭാഷക സംഘടന പ്രവർത്തകർ തീരുമാനിച്ചു. അങ്ങനെ സി.പി.ഐയെ തോൽപ്പിക്കാൻ സി.പി.എം അനുകൂല അഭിഭാഷകർ ബാർ അസോസിയേഷനിലെ മൂന്നാമത്തെ വലിയ പദവിയായ ലൈബ്രേറിയൻ പോസ്റ്റിൽ മത്സരിച്ച സെസിക്ക് വോട്ടു ചെയ്തു. സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ചു. അഭിഭാഷക സംഘടനകൾ തമ്മിലുള്ള ഭിന്നതയാണ് സെസിയുടെ യോഗ്യതയെക്കുറിച്ച് പരാതി ഉയരാൻ കാരണമായത്.

മറയാക്കിയത് തലസ്ഥാനത്തെ

അഭിഭാഷകയുടെ റോൾ നമ്പർ

തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയുടെ ബാർ കൗൺസിലിലെ റോൾ നമ്പരാണ് സെസി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇത് അവരുടെ അറിവോടെയാണോയെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ അഭിഭാഷകയിൽ നിന്ന് പൊലീസും ജുഡീഷ്യൽ ഓഫീസർമാരും മൊഴിയെടുത്തേക്കും. റോൾ നമ്പർ താനറിയാതെ ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ചതായി പരാതി നൽകിയാൽ ബാർ കൗൺസിലിനും മറ്റു ജുഡീഷ്യൽ സംവിധാനങ്ങൾക്കും ഇടപെടേണ്ടി വരും. ജുഡീഷ്യൽ സംവിധാനത്തെ മുഴുവൻ കബളിപ്പിച്ചതിനാൽ സംഭവം ഗൗരവമാകും. കക്ഷികൾക്ക് വേണ്ടി ഹാജരാകുകയും അ‍ഡ്വക്കേറ്റ് കമ്മിഷനായി പോകുകയും ചെയ്ത സാഹചര്യത്തിൽ നൽകിയ റിപ്പോർട്ടുകൾ, കക്ഷികൾക്ക് വേണ്ടി നൽകിയ വക്കാലത്തുകൾ തുടങ്ങിയവയ്ക്ക് നിയമപരമായി നിലനിൽപ്പുണ്ടോ എന്ന് അതത് കോടതികളാണ് തീരുമാനിക്കേണ്ടതെന്ന് നിയമവിദഗ്ദർ വ്യക്തമാക്കുന്നു.