phot
കൊല്ലം-പുനലൂർ റെയിൽവേ റൂട്ടിൽ ഇലട്രിക്ക് ട്രെയിൻ ഓടിക്കുന്നതിൻെറ ഭാഗമായി പുനലൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് പുതിയ സബ് സ്റ്റേഷൻെറ നിർമ്മാണ ജോലികൾ ആരംഭിച്ചത് പരിശോധിക്കുന്ന എൻഞ്ചിനിയറൻമാർ

പുനലൂർ: കൊല്ലം-പുനലൂർ റെയിൽ റൂട്ടിൽ ഇലട്രിക് ട്രെയിൻ ഓടിക്കുന്നതിന്റെ ഭാഗമായി പുനലൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് സബ് സ്റ്റേഷന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു. സബ് സ്റ്റേഷൻ പണിയുന്ന റെയിൽവേ അടിപ്പാതയോട് ചേർന്ന ഭൂമിയെ സംബന്ധിച്ച് തർക്കം ഉണ്ടാകാതിരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും തമ്മിൽ ചർച്ചനടത്തി. തുടർന്ന് ഭൂമി പരിശോധിച്ച ശേഷമാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത് .നിർമ്മാണം ആരംഭിച്ച ഭൂമി റെയിൽവേയുടെ അധീനതയിലുളളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ട ശേഷമാണ് പണികൾ ആരംഭിച്ചത്.

കെ.എസ്.ഇ.ബിക്ക് കത്ത് നൽകി

കൊല്ലം-പുനലൂർ റൂട്ടിൽ ഇലക്ട്രിക് ലൈൻ സ്ഥാപിക്കുന്നത് അടക്കം 60 കോടിയുടെ നിർമ്മാണ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ത്രിമൂർത്തി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. പുതിയ സബ്സ്റ്റേഷനിൽ നിന്ന് അടിപ്പാതയിലൂടെ കേബിൾ വഴി പുനലൂർ പവർ ഹൗസ് ജംഗ്ഷനിലെ കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനുമായി ഇലക്ട്രിക് ലൈൻ ബന്ധിപ്പിക്കും. ഇതിനായി കെ.എസ്.ഇ.ബിക്ക് റെയിൽവേ നേരത്തെ കത്ത് നൽകിയിരുന്നു . എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടൻ കേബിൾ ലൈൻ വലിക്കാൻ റെയിൽവേ പണം അടക്കും. തുടർന്ന് ടെണ്ടർ ക്ഷണിച്ച ശേഷം കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലാകും അടിപ്പാത വഴി കേബിൾ ലൈൻ വലിക്കുക.

പെരിനാട് നിന്ന് പുനലൂരിലേക്ക്

ഇലക്ട്രിക് ട്രെയിൻ ഓടിക്കാൻ നിലവിൽ പെരിനാട് സബ്സ്റ്റേഷൻ ഉണ്ട്. അവിടെ നിന്ന് പുനലൂരിലെ സബ് സ്റ്റേഷനുമായി ഇലക്ട്രിക് ലൈൻ ബന്ധിപ്പിക്കും. ഇതിനായികൊട്ടാരക്കര, ആവണീശ്വരം ഭാഗങ്ങളിൽ പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിച്ച് വരികയാണ്. ട്രാക്ക് കടന്ന് പോകുന്ന ഭാഗത്ത് ഒരു കിലോമീറ്ററിനുള്ളിൽ 20 പോസ്റ്റുകൾ വീതമാണ് സ്ഥാപിച്ച് വരുന്നത്. മൂന്ന് ആഴ്ച മുമ്പ് ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ പോസ്റ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭൂമി പൂജയും നടന്നിരുന്നു. പുനലൂരിൽ നിർമ്മാണം ആരംഭിച്ച സബ് സ്റ്റേഷന് സമീപത്ത് അസി.എൻജിനീയറുടെ ഓഫീസ്, ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ്, ഡിപ്പോ തുടങ്ങിയവയുടെ നിർമ്മാണ ജോലികളും ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, കൗൺസിലർ അജി ആന്റണി എന്നിവർക്ക് പുറമെ പൊതുമരാമത്ത്,റെയിൽവേ എൻജിനീയർമാരും ചർച്ചക്കും നിർമ്മാണ ജോലികൾക്കും നേതൃത്വം നൽകി.

110 കെ.വി.സംഭരണ ശേഷിയുളള സബ് സ്റ്റേഷനാണ് പുതിയതായി പണിയുന്നത്.ആറ് മാസത്തിനുളള നിർമ്മാണ ജോലികൾ പൂർത്തിയാക്കും.

എം.എസ്.റോഹൻ ,​ റെയിൽവേ എയ്റോനോട്ടിക് ഇലട്രിക് ഇൻജിനീയർ