vismaya

കൊല്ലം: സ്​ത്രീധന പീഡനത്തെ തുടർന്ന്​ ശാസ്​താംകോട്ട പോരുവഴിയിലെ​ ഭർതൃവീട്ടിൽ ബി.എ.എം.എസ്​ വിദ്യാർത്ഥിനി വിസ്​മയ വി. നായർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ്​ കിരൺ കുമാറി​ന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ്​ കോടതി വിധി പറയാൻ ഈ മാസം 26ലേക്ക്​​ മാറ്റി.

പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂർ,​ സ്​ത്രീധന പീഡന പരാതി നിലനിൽക്കില്ലെന്ന് വാദിച്ചു. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും സ്ത്രീധന പീഡനത്തിന് ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ പറ‌ഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ട് കിരൺകുമാർ നടത്തിയ പീഡനങ്ങൾ സംബന്ധിച്ച് സഹോദരൻ, സഹോദരന്റെ ഭാര്യ, കൂട്ടുകാരി എന്നിവർക്കും ഭർത്താവിന്റെ സഹോദരിക്കും വിസ്​മയ വാട്സ് ആപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നതായി പ്രോസിക്യൂഷന്​ വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ആർ. സേതുനാഥപിള്ള ചൂണ്ടിക്കാട്ടി.

വിസ്മയയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടയിൽ കൊവിഡ് സ്ഥിരീകരിച്ച കിരൺകുമാറിന്റെ റിവേഴ്സ് ക്വാറന്റൈൻ പൂർത്തിയായി. കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡിയിൽ ലഭിച്ചാലുടൻ വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.