fire
അപകടത്തിൽ റോഡിൽ പരന്ന ഡീസൽ നീക്കം ചെയ്യുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

 ഡീസൽ ടാങ്ക് തകർന്നു, ദുരന്തം ഒഴിവായി

ചാത്തന്നൂർ: ദേശീയപാതയിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് തിരുനെൽവേലി സ്വദേശി രമേശ് ബാബുവിനെ (റമ്മീസ്, 43) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഹൈമാസ്റ്റ് ലൈറ്റ് ടവറും തെരുവ് വിളക്കുകളും തകർന്നു.

ഇന്നലെ പുലർച്ചെ നാലേകാലോടെ ചാത്തന്നൂർ ജംഗ്ഷനിൽ സബ്ട്രഷറിക്ക് മുന്നിലായിരുന്നു അപകടം. ലോറിയുടെ ഇന്ധനടാങ്ക് തകർന്ന് ഡീസൽ റോഡിൽ പരന്നെങ്കിലും പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി വകുപ്പുകൾ ഉണർന്ന് പ്രവർത്തിച്ചതിനാൽ ദുരന്തം ഒഴിവായി.

കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി.

ഹൈവേ പൊലീസ് വിവരം അറിയിച്ചതനുസരിച്ച് പരവൂരിൽ നിന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചാത്തന്നൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നിന്നുള്ളവരും സ്ഥലത്തെത്തി. വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം ഡീസൽ ഫയർഫോഴ്സ് വെള്ളം ചീറ്റിച്ച് കഴുകിക്കളഞ്ഞു.

ഈ സമയം സ്റ്റിയറിംഗ് വീലിനടിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് സേനാംഗങ്ങളായ കിഷോർ, രാജീവ് എന്നിവർ ചേർന്ന് ലോറിയുടെ കാബിൻ പൊളിച്ച് പുറത്തെടുത്തു. കാലിന് മൂന്നിലേറെ ഒടിവുകളുള്ള രമേശ് ബാബുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐ രാജേഷ്, എന്നിവരുടെ നേതൃത്വത്തിൽ പൊലീസും പരവൂർ ഫയർ സ്റ്റേഷൻ അസി. ഓഫീസർ യേശുദാസൻ, ഗ്രേഡ് അസി. ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമനസേനാംഗങ്ങളും രണ്ടു മണിക്കൂറോളം പ്രവർത്തിച്ചാണ് വാഹനം റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.