അഞ്ചൽ: ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിന്റെ മത്സരത്തിൽ മികവ് തെളിയിച്ച 7 വയസുകാരി ഇടമുളയ്ക്കൽ സ്വദേശിനി ദേവിക ദേവിനെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ദേവികയുടെ വീട്ടിലെത്തി ഉപഹാരം നൽകി. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ. ശിവലാൽ, പി. ചന്ദ്രശേഖരൻപിള്ള, എ. ശ്രീജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലോക പ്രശസ്തരായ 46 പേരുടെ ചിത്രങ്ങൾ ഒരു മിനിറ്റിൽ തിരിച്ചറിഞ്ഞ് അവരുടെ പേര് പറഞ്ഞതിലൂടെയാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിന്റെ മത്സരത്തിൽ വിജയിച്ചത്. ചെറിയ പ്രായം മുതൽ ലോക പ്രശസ്തരായവരുടെ പേരുകൾ മനപാഠമാക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന ശീലമായിരുന്നു ദേവികയ്ക്ക്. ലോക രാജ്യങ്ങളുടെ പതാകകൾ, തലസ്ഥാന നഗരങ്ങൾ എന്നിവ മനപ്പാഠമാക്കാനും തിരിച്ചറിയാനുമുള്ള പരിശീലനത്തിലാണിപ്പോൾ. വരുന്ന ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്സിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവിക. സൗദിയിൽ ജോലി നോക്കുന്ന ഇടമുളയ്ക്കൽ അശ്വതി ഭവനിൽ അമൽ ദേവിന്റെയും അശ്വതിയുടെയും മകളാണ് ദേവിക.
ഇടമുളയ്ക്കൽ ഗവ. എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. യു.കെ.ജി വിദ്യാർത്ഥിനിയായ വേദിക ദേവ് സഹോദരിയാണ്.