തഴവ: പൊലീസ് ദമ്പതികളെ അയൽവാസി വീട് കയറി ആക്രമിച്ചു. തഴവ വടക്കുംമുറി പടിഞ്ഞാറ് അഭിരാമിൽ മുരളീധരൻ (എ.എസ്.ഐ റേയിൽവേ പൊലീസ് തിരുവനന്തപുരം) ഭാര്യ ലത ( സീനിയർ സിവിൽ പൊലീസ് ഓഫീസർ ,കരുനാഗപ്പള്ളി) മകൻ അഭിജിത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു ആക്രമണം. മദ്യപിച്ച് വീടുകയറി ആക്രമണം നടത്തിയ പ്രതി തഴവ വടക്കുംമുറി പടിഞ്ഞാറ് വല്ലാറ്റുവിള വടക്കതിൽ ശ്രീകുമാറിനെ കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

പ്രതി ഇക്കഴിഞ്ഞ 16നും തുടർന്ന് ബുധനാഴ്ച വൈകിട്ടും മുരളീധരനെ വഴിയിൽ വെച്ച് അകാരണമായി അസഭ്യം പറയുകയും തുടർന്ന് വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.