പടിഞ്ഞാറേകല്ലട: കല്ലടയാറ്റിൽ വയനാട്ടിൽ നിന്നെത്തിയ കുടുംബങ്ങളുടെ കുട്ടവഞ്ചി മീൻപിടിത്തം കാണാൻ കാഴ്ചക്കാരേറെയാണ്. പിടിച്ച് കൊണ്ടുവരുന്ന മീൻ വാങ്ങാനും ആളുകളുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം നാട്ടിൽ തൊഴിലും വരുമാനവും കുറഞ്ഞതോടെയാണ് വയനാട്ടിൽ നിന്ന് കൊല്ലം ജില്ലയിലെ കല്ലടയാറ്റിൽ മീൻപിടിത്തത്തിനായി ഇവർ കുടുംബത്തോടൊപ്പം എത്തിച്ചേർന്നത്. വയനാട്ടിൽ നിന്ന് വാഹനത്തിൽ കുട്ടവഞ്ചികളുമായി മൺട്രോത്തുരുത്തിൽ എത്തിയ ഇവർക്കൊപ്പം കുട്ടികളുമുണ്ട്. കുട്ടികളെ ഇപ്പോൾ ഇവിടെ തന്നെയുള്ള ഗവ.എൽ .പി സ്കൂളിലും ചേർത്തു. മൺട്രോത്തുരുത്ത് ശങ്കുരുത്തിൽ കടവിൽ കല്ലടയാറിന്റെ തീരത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ടാർപ്പ വലിച്ചുകെട്ടിയ കൂടാരത്തിലാണ് ഇവർ താമസിക്കുന്നത്.
മിതമായ വിലയിൽ വിൽപ്പന
വെളുപ്പിന് 5 മണിക്ക് തുടങ്ങുന്ന മീൻ പിടിത്തമാണ്. രാവിലെ 9 മണിയോടു കൂടി തിരികെ കടവിൽ എത്തിച്ചേരും. പിടിച്ചു കൊണ്ടു വരുന്ന മീൻ അപ്പോൾ തന്നെ കരയിൽ ഉള്ളവർക്ക് മിതമായ വിലയിൽ തൂക്കി വിൽക്കും. നാല് കുടുംബങ്ങൾക്ക് കൂടി ഏകദേശം 2000 രൂപയിൽ കുറയാത്ത മീൻ മിക്കപ്പോഴും കിട്ടാറുണ്ട്. കരിമീൻ കൊഞ്ച്, ഞണ്ട്, തേട്, ചെമ്പല്ലി തുടങ്ങിയ മീനുകളാണ് മിക്കപ്പോഴും വലയിൽ കിട്ടാറുള്ളത്. ലോക്ക് ഡൗൺ കാലത്ത് വിഷരഹിതമായ മത്സ്യം നാട്ടുകാർക്ക് ഇവരിൽ നിന്ന് മിതമായ വിലയ്ക്ക് വാങ്ങുവാൻ കഴിയുന്നു എന്നതാണ് നാട്ടുകാരുടെ ആശ്വാസം.
കുട്ടവഞ്ചി നിർമ്മാണം
8000 മുതൽ 10,000 രൂപ വരെയാണ് ഒരു കുട്ട വഞ്ചിയുടെ നിർമാണച്ചെലവ്. മുള വച്ച് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന വഞ്ചിയുടെ അടിവശം ചണ ചാക്കും തുണിയും ചുറ്റിയ ശേഷം അതിൽ ടാർ ഉരുക്കി ഒഴിച്ച് , വെള്ളം ഒട്ടും അകത്തേക്ക് പ്രവേശിക്കാത്ത രീതിയിലാണ് ഇത് നിർമ്മിക്കുന്നത്. ഫൈബർ കൊണ്ടും ഇത്തരം വള്ളങ്ങൾ നിർമ്മിക്കാൻ സാധിക്കും എന്നാൽ ചെലവ് അൽപം കൂടുതലാണ്.