ശാസ്താംകോട്ട: റെയിൽവേ സ്‌റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമിലും മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം രൂക്ഷമാകുന്നു. കൊവിഡ് മൂലം ട്രെയിൻ യാത്രയ്ക്ക് നിയന്ത്രണങ്ങൾ വന്നതോടെ ട്രെയിനുകളുടെ എണ്ണം കുറഞ്ഞതും റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ കുറയുകയും ചെയ്തതോടെയാണ് പ്ലാറ്റ്ഫോമും പരിസരവും സാമൂഹ്യ വിരുദ്ധർ കയ്യടക്കാൻ തുടങ്ങിയത്. പ്ലാറ്റ്ഫോമിൽ കാടുമൂടിയതും ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ രാത്രികാലങ്ങളിൽ പ്ലാറ്റ് ഫോമിൽ ലൈറ്റുകൾ തെളിക്കാത്തതും സാമൂഹ്യ വിരുദ്ധർക്ക് കൂടുതൽ സൗകര്യമായി. പ്ലാറ്റ് ഫോം പരിസരത്ത് മദ്യവിൽപ്പന സജീവമായതോടെ പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങൾക്ക് ചുറ്റും ഒഴിഞ്ഞ മദ്യ കുപ്പികളുടെ കൂമ്പാരമാണ്. സ്റ്റേഷൻ പരിസത്ത് നിന്ന് മുമ്പ് നിരവധി തവണ ലഹരി വസ്തുക്കൾ പൊലീസും എക്സൈസും പിടി കൂടിയിട്ടുണ്ട്. പിന്നീട് കർശന പരിശോധകളും നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പൊലീസും എക്സൈസും ഇവിടം ശ്രദ്ധിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമും ശുചിയാക്കുന്നതിന് കരാർ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും സ്റ്റേഷൻ കെട്ടിടം മാത്രമാണ് ശുചിയാക്കുന്നതെന്നും ആക്ഷേപമുണ്ട്.