പുനലൂർ:ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഇട മുറിയാതെ ഓക്സിജൻ നൽകാനായി സ്ഥാപിച്ച ഓക്സിജൻ ജനറേറ്റർ പ്ലാന്റ് നാളെ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നാടിന് സമർപ്പിക്കും. മന്ത്രി വീണ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.എസ്.സുപാൽ എം.എൽ.എ തുടങ്ങിയവർ മുഖ്യാഥിതികളാകും. ആധുനിക സൗകര്യങ്ങളോടെ ഇറ്റലിയിൽ നിന്നു് ഇറക്കുമതി ചെയ്ത മെഷീൻ ആശുപത്രി വളപ്പിലെ ഡൽറ്റാപ്ലാസയിലാണ് സ്ഥാപിച്ചിരിക്കുന്നത്. 230 എൽ.എം.പി കപ്പാസിറ്റിയുള്ള ഓക്സിജൻ ജനറേറ്ററാണ് പുതിയതായി സ്ഥിപിച്ചത്. നേരത്തെ നൂറ് എൽ.പി.എം കപ്പാസിറ്റിയുളള ഓക്സിജൻ ജനറേറ്റർ പഴയ ആശുപത്രിയിൽ സ്ഥാപിച്ചിരുന്നു. ഇനി മുതൽ 330 എൽ.പി.എം ശേഷിയുളള ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളിൽ നിന്നുള്ള ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കാൻ കഴിയുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ പറഞ്ഞു. നഗരസഭയുടെ ജൂബി ആഘോഷങ്ങളുടെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച അര കോടി രൂപ ചെലവഴിച്ചാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. സർക്കാരിന്റെ നൂറ് ദിന കമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് നാടിന് സമർപ്പിക്കുന്നത്.