വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഉന്തും തള്ളും
കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാല പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നടന്ന സമരം സംഘർഷത്തിൽ കലാശിച്ചു. ഓഫ് ലൈൻ പരീക്ഷ തടസപ്പെടുത്താൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി.
ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷയാണ് ഇന്നലെ നടന്നത്. പരീക്ഷ ഒരുകാരണവശാലും മാറ്റില്ലെന്ന് സർവകലാശാല അധികൃതർ ബുധനാഴ്ച രാത്രിയിൽ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരീക്ഷ എഴുതാനെത്തുന്നവരെ തടയരുതെന്നും കോളേജ് അധികൃതർ സമരാഹ്വാനം നടത്തിയവരുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ നിരവധി വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി കോളേജിൽ എത്തിയെങ്കിലും ഗേറ്റിൽ കെ.എസ്.യു പ്രവർത്തകർ തടഞ്ഞു. തുടർന്ന് കോളേജ് അധികൃതർ പൊലീസിനെ വിവരമറിച്ചു. പരീക്ഷ എഴുതാനെത്തുന്നവരെ തടയരുതെന്ന പൊലീസ് നിർദേശത്തെ തുടർന്ന് വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിക്കാൻ അനുവദിച്ചു. എന്നാൽ കൺട്രോളർ ഒാഫ് എക്സാമിനേഷന്റെ മുറി സമരാനുകൂലികൾ ഉപരോധിച്ചു.
ഇത് അദ്ധ്യാപകരുമായി വാക്കേറ്റമുണ്ടാക്കി. തുടർന്ന് പൊലീസെത്തി സമരക്കാരെ ബലം പ്രയോഗിച്ച് പുറത്താക്കി. പരീക്ഷ തടസമില്ലാതെ നടന്നു.
ഇതിനിടയിൽ തങ്ങൾക്ക് ക്രൂരമായി മർദ്ദനമേറ്റെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. പരിക്കേറ്റ രണ്ടാംവർഷ പ്രൊഡക്ഷൻ വിദ്യാർത്ഥി ജസീൽ മുഹമ്മദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതായി കെ.എസ്.യു നേതാക്കൾ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം എം.സി.എ, എം.ടെക് പരീക്ഷകളും സുഗമമായി നടന്നു. ലാത്തിച്ചാർജ് നടന്നില്ലെന്നും പ്രതിരോധിച്ച സമരക്കാരെ സ്ഥലത്ത് നിന്ന് നീക്കുകയാണ് ഉണ്ടായതെന്നും കിളികൊല്ലൂർ പൊലീസ് അറിയിച്ചു. അൻപതോളം വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
പരീക്ഷ എഴുതിയത് 40 വിദ്യാർത്ഥികൾ മാത്രം
സമരവും സംഘർഷവും കാരണമുള്ള അനിശ്ചിതത്തിനൊടുവിൽ ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ നടത്തിയപ്പോൾ എഴുതിയത് 40 വിദ്യാർത്ഥികൾ മാത്രം. പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ 240 പേരാണ് ഇവിടെ സെന്റർ തിരഞ്ഞെടുത്തിരുന്നത്. സമരം കാരണം പല വിദ്യാർത്ഥികളും മടങ്ങിപ്പോയി. കാമ്പസിൽ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജുണ്ടായെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. സർവകലാശാലയ്ക്ക് കീഴിലെ കോളേജ് എന്ന നിലയിൽ ടി.കെ.എമ്മിന് മാത്രം പരീക്ഷ നടത്താതിരിക്കാനാകില്ല. മികച്ച വിജയശതമാനവുമായി മുന്നിൽ നിൽക്കുന്ന ടി.കെ.എം എൻജിനീയറിംഗ് കോളജിന്റെ നേട്ടങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോളേജ് അധികൃതർ പറഞ്ഞു.