police

 ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചു

കൊല്ലം: സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിൽ ഇന്നലെ തുറന്ന് പ്രവർത്തിച്ച കടകൾ പൊലീസ് ഭീഷണിപ്പെടുത്തി അടപ്പിച്ചു. വ്യാപാരികൾക്ക് നേരെ അസഭ്യവർഷം നടത്തിയാണ് പൊലീസ് കടകൾ അടപ്പിച്ചത്.

കമ്മിഷണർ ഓഫീസിലേക്ക് പോകുന്നത് വഴി കടകൾ തുറന്നിരിക്കുന്നത് കണ്ടെന്നും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് കടകൾ അടപ്പിക്കുന്നതുമാണ് പൊലീസുകാർ വ്യാപാരികളോട് പറഞ്ഞത്. തിങ്കൾ മുതൽ വെള്ളി വരെ തുറക്കാൻ അനുവാദമുള്ള നിർമ്മാണ സാമഗ്രികൾ, ഇലക്ട്രോണിക്സ് കടകൾ ഉൾപ്പെടെ തുറന്ന കടകളാണ് ഈസ്റ്റ് പൊലീസ് അടപ്പിച്ചത്. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്തനിവാരണ സമിതിയുടെ ഉത്തരവിൽ വ്യക്തത ഇല്ലെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം.

കൊട്ടിയത്തും സമാനമായ സംഭവം ഉണ്ടായി. ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന ഉത്തരവുകളിലെ അവ്യക്തതയും ജില്ലാ ഭരണകൂടവും സിറ്റി പൊലീസും തമ്മിലുള്ള ഏകോപനമില്ലായ്മയുടെയും പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നതും തൊഴിൽ നിഷേധിക്കുന്നതും അവസാനിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ ആവശ്യപ്പെട്ടു.

തുടർന്ന് വ്യാപാരി സംഘടനാ ഭാരവാഹികൾ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം സജിതാ ബീഗവുമായി ചർച്ച നടത്തുകയും വൈകിട്ട് നടക്കുന്ന ദുരന്ത നിവാരണ സമിതി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും പൊലീസിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകാമെന്നും എ.ഡി.എം ഉറപ്പ് നൽകി. ചർച്ചയിൽ വ്യാപാരി സംഘടനാ നേതാക്കളായ ജി.ഗോപകുമാർ, പൂജ ഷിഹാബ്, ഗോപാലകൃഷ്ണ പണിക്കർ, റസൽ താഹ എന്നിവർ പങ്കെടുത്തു.