കരുനാഗപ്പള്ളി: ഓടയുടെ തുറന്നുകിടക്കുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് മൂടികൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. മൂടിയില്ലാത്ത ഓടകളിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയകാവ് - കാട്ടിൽക്കടവ് റോഡിലാണ് ഏറ്റവുംകൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. കേരഫെഡ്, അമൃത വിശ്വ വിദ്യാലയം, അമൃത ഐ.ടി.ഐ, കുലശേഖരപുരം സർവീസ് സഹകരണബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് റോഡിന് സമീപം പ്രവർത്തിക്കുന്നത്. ചെറുതും വലുതമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചിലസ്ഥലങ്ങളിൽ റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ വരുമ്പോൾ കാൽനടയാതക്കാർ റോഡിന്റെ വശങ്ങളിലേക്ക് മാറേണ്ടിവരും. അപ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഓടയ്ക്ക് മൂടിയുള്ള ഇടങ്ങളിൽ വാഹനങ്ങൾ വരുമ്പോൾ യാതക്കാർക്ക് ഓടയ്ക്ക് മുകളിലൂടെ അപകടമില്ലാതെ നടക്കാനാവും.
കോൺക്രീറ്റ് മൂടികളുള്ളത്
വീടുകളുടെ മുന്നിൽ മാത്രം
പുതിയകാവ് മുതൽ കാട്ടിൽക്കടവ് വരെ റോഡിന്റെ ഇരുവശത്തും ഓടകളുണ്ട്. വീടുകളുടെ മുന്നിൽ മാത്രമാണ് ഓടയ്ക്ക് കോൺക്രീറ്റ് മൂടികൾ സ്ഥാപിച്ചിട്ടുള്ളത്. ഓടയ്ക്ക് മുകളിലൂടെ പുല്ലുവളർന്ന് നിൽക്കുന്നതിനാലാണ് അപകടങ്ങൾ പതിവാകുന്നത്. രാത്രിയിൽ വാഹനങ്ങൾ വരുമ്പോൾ പുല്ലുമൂടിക്കിടക്കുന്ന വശങ്ങളിലേക്ക് യാത്രക്കാർ ഒതുങ്ങുമ്പോഴാണ് ഓടയിൽ പതിക്കുന്നത്.
ഓടയ്ക്ക് മേൽമൂടി സ്ഥാപിക്കണം
റോഡിന്റെ നവീകരണ വേളയിൽ ഓടയ്ക്ക് മേൽമൂടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചെവിക്കൊള്ളാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ പുനരുദ്ധാരണത്തിനുള്ള ഫണ്ട് കുറവായാൽ ഉള്ള പണം ഉപയോഗിച്ച് റോഡ് പണിയാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കാറുള്ളത്. മറ്റുള്ള പണികൾ പിന്നീട് ചെയ്യാനായി മാറ്റി വെയ്ക്കാറാണ് പതിവ്. ഒാടയ്ക്ക് മൂടിയില്ലാത്തതിനാൽ കാൽനട യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിൽ അധികവും. അപകടങ്ങൾ പതിയിരിക്കുന്ന ഓടയ്ക്ക് മീതേ കോൺക്രീറ്റ് മൂടികൾ നിരത്തി റോഡിലൂടെയുള്ള കാൽനടയാത്ര സുരക്ഷിതമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.